Timely news thodupuzha

logo

ബിഷ്ണോയ് സംഘാംഗങ്ങളെ ക്യാനഡ വിട്ടുനൽകുന്നില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ്ങിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന ക്യാനഡയുടെ ആരോപണവും പൊളിയുന്നു.

ഈ സംഘത്തിൽപ്പെട്ട 26 പേരെ ക്രിമിനൽ കൈമാറ്റ കരാർ പ്രകാരം ഇന്ത്യയിലേക്ക് അയയ്ക്കാൻ നൽകി‍യ അപേക്ഷകൾ പത്ത് വർഷത്തിലധികമായി ക്യാനഡ അംഗീകരിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. ബിഷ്ണോയ് സംഘത്തെ ഉപയോഗിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ക്യാനഡയിൽ നിന്ന് പലരെക്കുറിച്ചും വിവരശേഖരണം നടത്തുന്നുവെന്ന റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിൻറെ ആരോപണത്തോടെയാണ് ഇന്ത്യ – ക്യാനഡ നയതന്ത്ര വിഷയത്തിൽ ബിഷ്ണോയ് സംഘത്തിൻറെ പേരും ഉൾപ്പെടുന്നത്.

പിന്നീട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒരു പടി കൂടി കടന്ന്, നരേന്ദ്ര മോദി സർക്കാരിൻറെ താത്പര്യത്തിനു വിരുദ്ധമായി നിൽക്കുന്നവരെയാണ് ബിഷ്ണോയ് സംഘത്തെ ഉപയോഗിച്ച് ഇന്ത്യൻ ലക്ഷ്യം വയ്ക്കുന്നതെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് ക്രിമിനലുകളെ കൈമാറാൻ ക്യാനഡ വിസമ്മതിക്കുന്നതിൻറെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.

26 പേരെ കൈമാറാനുള്ള അപേക്ഷകൾ ഒരു പതിറ്റാണ്ടോ അതിലധികമോ ആയി പെൻഡിങ്ങാണ്. മറ്റു നിരവധി പ്രൊബേഷനൽ അപേക്ഷകളിലും ക്യാനഡ തീരുമാനം വൈകിക്കുകയാണ്, വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ് ക്യാനഡയിൽ കുറ്റകൃത്യങ്ങൾ നടത്തുകയാണെന്ന പരാതി ക്യാനഡ ആവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും, എന്നിട്ടും അവരെ കൈമാറാത്തത് വിചിത്രമാണെന്നും ജയ്സ്വാൾ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *