തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ അഞ്ചാമത് സംസ്ഥാന നാടകോത്സവം ഒക്ടോബർ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കും. കേരളത്തിലെ പ്രമുഖ മൂന്ന് നാടക സമിതികളാണ് ഈ വർഷം പങ്കെടുക്കുന്നത്. നാടകോത്സവത്തിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആർ തിലകൻ നിർവ്വഹിക്കും.
സ്വാഗത സംഘം ചെയർമാനും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി ക്യൂട്ടീവ് അംഗവുമായ കെ.എം ബാബു അദ്ധ്യക്ഷത വഹിക്കും. തൊടുപുഴയിലെ ആദ്യ കാല നാടക പ്രവർത്തകരായ ഡി. മൂക്കൻ, തൊടുപുഴ ചാക്കപ്പൻ, പൂജ ആൻ്റണി, തൊടുപുഴ കൃഷ്‌ണൻകുട്ടി, ജോസ് താന എന്നിവരെ ആർട്ടിസ്റ്റ് സുജാതൻ ആദരിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സബീന ബിഞ്ചു, കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, സനു കൃഷ്‌ണൻ, ജിതേഷ് ഇഞ്ചക്കാട്ട്, ലൈബ്രറി പ്രസിഡൻ്റ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി പി.വി. സജീവ് എന്നിവർ പ്രസംഗിക്കും.
എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് നാടകം ആരംഭിക്കും. ഒരു നാടകത്തിന് 200/- രൂപയാണ് പ്രവേശന പാസ്സിൻ്റെ നിരക്ക്. ഒന്നാം ദിവസം അമ്പലപ്പുഴ അക്ഷര ജ്വാല യുടെ “അനന്തരം” രണ്ടാം ദിവസം തിരുവനന്തപുരം സാഹിതി തിയറ്റേഴ്‌സിന്റെ “മുച്ചീട്ട് കളിക്കാരൻ്റെ മകൾ”, സമാപന ദിവസം കോഴിക്കോട് രംഗഭാഷയുടെ “മിറായ് തെരുവ്” എന്നീ നാടകങ്ങൾ അരങ്ങേറും. അതുല്യ നാടക പ്രതിഭ പി.ജെ. ആന്റണിയുടെ പേരാണ് നാടകവേദിയായ തൊടുപുഴ ടൗൺ ഹാളിലെ വേദിക്ക് ഈ വർഷം ഇട്ടിരിക്കുന്നത്. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലൈബറി പ്രസിഡൻ്റ് കെ.സി സുരേന്ദ്രൻ, സെക്രട്ടറി പി.വി സജീവ്, ജോയിൻ്റ് സെക്രട്ടറി ജോസ് തോമസ്, വൈസ് പ്രസിഡന്റ് എ.പി കാസിം, പബ്ലിസിറ്റി കമ്മറ്റി കൺവീനർ വിനോദ് പുഷ്‌പാംഗതൻ എന്നിവർ പങ്കെടുത്തു.