തിരുവനന്തപുരം: ഇന്നു നടക്കുന്ന കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിമത വിഭാഗം സംസ്ഥാന പ്രസിഡൻറ് എസ്.എസ് മനോജ്.
വൻ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയ്‌ൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക മാളുകളിലേക്കും ഓൺലൈൻ വിപണിയിലേക്കും പറഞ്ഞു വിടുന്ന കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ പങ്കാളികളാകേണ്ടതില്ല.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഹർത്താൽ പ്രഖ്യാപനങ്ങളിൽ നിന്നും പിൻവാങ്ങുമ്പോൾ കടയടപ്പ് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം വ്യാപാര സംഘടനാ നേതാക്കൾ ചില സ്വാർഥ താത്പര്യങ്ങളുടെ പിടിയിലമർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കടയടപ്പ് സമരവും വ്യാപാര സംരക്ഷണ യാത്ര സമാപന സമ്മേളനവും മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഔദ്യോഗിക വിഭാഗം അറിയിച്ചു.
സമരം പൊളിക്കാനുള്ള ശ്രമമാണ് വിമത വിഭാഗത്തിൻറതെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറും എറണാകുളം ജില്ലാ പ്രസിഡൻറുമായ പി.സി ജേക്കബ് പറഞ്ഞു. വ്യാപാര മന്ത്രാലയവും നികുതിയിളവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.