Timely news thodupuzha

logo

മഹാരാഷ്ട്രയിൽ കോൺഗ്രസിലെ കൂടുതൽ നേതാക്കൾ രാജി വയ്ക്കാൻ സാധ്യത

മുംബൈ: മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി വയ്ക്കാൻ സാധ്യത. മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടതിനു പിന്നാലെയാണ് കൂടുതൽ നേതാക്കൾ ബി.ജെ.പിയുടെ പാളയത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.

പാർട്ടി വിട്ട അശോക് ചവാൻ ഇന്ന് ബി.ജെ.പിയിൽ ചേർന്നേക്കും. രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ ചവാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

ചവാനു പുറകേ യുവ നേതാക്കളായ വിശ്വജിത് കദം, അസം ഷെയ്ഖ്, അമീൻ പട്ടേൽ, സഞ്ജയ് നിരുപം തുടങ്ങി പതിനഞ്ചോളം നേതാക്കളാണ് കോൺഗ്രസ് വിടാൻ തീരുമാനിച്ചിരിക്കുന്നത്.

മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാര് ഷിൻഡെയെയും ബി.ജെ.പി സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയിൽ പാർട്ടി നേരിടുന്ന അപ്രതീക്ഷിത തിരിച്ചടി മുൻ നിർത്തി സംസ്ഥാനത്തിൻറെ ചുമതലയുള്ള രമേശ് ചെന്നിത്തല മുംബൈയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മുതിർന്ന നേതാവ് വിവേക് ടാങ്കയും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹവും കനക്കുകയാണ്. 65കാരനായ ചവാൻ മറാത്വാഡ മേഖലയിലെ നാൻഡഡ് ജില്ലയിൽ നിന്നുള്ള നേതാവാണ്.

ചവാൻറെ അച്ഛൻ ശങ്ര റാവു ചവാനും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്നു. മുംബൈയിലെ ആദർശ് ഹൗസിങ് അഴിമതി ആരോപണത്തെ തുടർന്നാണ് ചവാന് 2010ൽ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നത്. 2014 മുതൽ 2019 മുതൽ കോൺഗ്രസിൻറെ സംസ്ഥാന അധ്യക്ഷനുമായിരുന്നു ചവാൻ.

Leave a Comment

Your email address will not be published. Required fields are marked *