Timely news thodupuzha

logo

ഭ്രമയുഗം പ്രദർശനം തടയും, കുഞ്ചമൺ കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: വ്യാഴാഴ്‌ച റിലീസിന്‌ തയ്യാറായിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കുഞ്ചമൺ കുടുംബം.

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അല്ലെങ്കിൽ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കുഞ്ചമൺ കുടുംബാം​ഗം പി.എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നും പ്രദർശനാനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന്റെയടക്കം വിശദീകരണം തേടിയിട്ടുണ്ട്.

രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവ​ഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദമടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹർജിക്കാരന്റെ വാദം.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നത് പരമ്പരാ​ഗതമായി ദുർമന്ത്രവാദം ചെയ്യുന്നവരെല്ലെന്നാണ്.

എന്നാൽ ഭ്രമയുഗത്തിന്‍റെ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഐതിഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള കുഞ്ചമൺകാരുടെ തന്നെ കഥയെന്നാണ്.

മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദം ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ​ഹർജിക്കാരന്റെ വാദം.

Leave a Comment

Your email address will not be published. Required fields are marked *