Timely news thodupuzha

logo

കർഷക മാർച്ച് പൊലീസ് തടഞ്ഞു, കണ്ണീർവാതകവും പ്രയോഗിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ കാർഷിക നയങ്ങൾക്കെതിരേ കർഷകർ നടത്തിയ ഡൽഹി ചലോ മാർച്ചിനു നേരെ കണ്ണീർവാതകം പ്രയോഗിച്ച് ഡൽഹി പൊലീസ്.

ഹരിയാന – ഡൽഹി അതിർത്തിയിൽ കർഷകരെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നിരവധി കർഷകരാണ് മാർച്ചിൽ പങ്കാളികളായത്.

കർഷകരെ തടയുന്നതിനായി വലിയ പൊലീസ് സംഘത്തെയാണ് ഡൽഹി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. കർഷകർ സംഘടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷകർ സമരം നടത്തുന്നത്. കേന്ദ്ര സർക്കാരുമായി കർഷക പ്രതിനിധികൾ അഞ്ച് മണിക്കൂറോളം ചർച്ച നടത്തിയിട്ടും പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തത്.

കർഷകർ തിങ്ങിക്കൂടിയതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗാസിപുർ, സിങ്ഗു, തിക്രി തുടങ്ങിയ ഇടങ്ങളിൽ കോൺക്രീറ്റ് കട്ടകളും ബാരിക്കേഡുകളും വച്ച് പൊലീസ് തടസം സൃഷ്ടിച്ചിട്ടുണ്ട്.

മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ പെട്രോളും ഡീസലും കരുതിയിട്ടുണ്ടെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ തലസ്ഥാനത്തു തന്നെ തുടരാനാണ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

മൊട്ടു സൂചി മുതൽ ചുറ്റിക വരെ ഞങ്ങൾ കൈയിൽ കരുതിയിട്ടുണ്ട്. ആറു മാസത്തെ റേഷനും ഒപ്പം കരുതിക്കൊണ്ടാണ് ഞങ്ങൾ സമരത്തിന് പുറപ്പെട്ടിരിക്കുന്നതെന്നും കർഷകർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *