സന്നിധാനം: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് മണ്ഡല പൂജ നടക്കും. ദർശന പുണ്യം തേടിയെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ബുധനാഴ്ച രാത്രി 11ന് നട അടയ്ക്കുമ്പോഴും ശരംകുത്തി വരെ ക്യൂ നീണ്ടു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി. രാവിലെ ഏഴ് ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. ഇനിയും വരുന്നവർക്ക് കാത്തുനിൽപ് ഇല്ലാതെ പടി കയറി ദർശനം നടത്താനാവും. തങ്കയങ്കി ചാർത്തിയാണ് മണ്ഡല പൂജ. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യ കാർമികത്വം വഹിക്കും.