ന്യൂ ഡല്‍ഹി: ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയത് കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഫോറന്‍സിക് സ്ഥാപനമാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്‌ടോബര്‍ 20-നാണ് ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്തത്. അതു കെട്ടിച്ചമച്ച കേസായിരുന്നു എന്ന സത്യമാണ് ഇപ്പോള്‍ തെളിയുന്നത്.
ബോസ്റ്റണിലെ ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകരാണ് തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയത്. നെറ്റ്‌വയര്‍ എന്ന മാല്‍വെയര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് അതിലേക്ക് വ്യാജ മെയിലുകള്‍ നിക്ഷേപിക്കുകയായിരുന്നു. ആ കത്തുകളാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. ഈ തെളിവുകളെല്ലാം ഫാ. സ്റ്റാന്‍ സ്വാമി നിഷേധിക്കുകയും വ്യാജമാണെന്ന് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല.
84-കാരനായ ഫാ. സ്റ്റാന്‍ സ്വാമി ഒമ്പതുമാസം വിചാരണ തടവുകാരനായിരുന്നു. 2021 ജൂലൈ അഞ്ചിന് ജൂഡീഷ്യല്‍ കസ്റ്റഡില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പാര്‍ക്കിസണ്‍സ് രോഗിയായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി കോവിഡ് ബാധിച്ചായിരുന്നു മരണമടഞ്ഞത്. ഫാ. സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നിഷേധിക്കാന്‍പ്പോലും അന്വേഷണ ഏജന്‍സി ശ്രമിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്ത എന്‍ഐഎ മെഡിക്കല്‍ രേഖകളില്‍ സംശയം ഉണ്ടെന്നുമായിരുന്നു കോടതിയില്‍ വാദിച്ചത്. ആ വാദം തള്ളിക്കളഞ്ഞ കോടതി അദ്ദേഹത്തിന് മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുവാദം നല്‍കുകയായിരുന്നു.
ആദിവാസി പ്രശ്‌നങ്ങളില്‍ ഫാ. സ്റ്റാന്‍സ്വാമി നടത്തിയിരുന്ന സജീവ ഇടപെടലുകള്‍ അദ്ദേഹത്തെ ഗവണ്‍മെന്റിന്റെ ശത്രുവാക്കി മാറ്റിയിരുന്നു. അതേതുടര്‍ന്നാണ് കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തെ ജയിലില്‍ അടച്ചതെന്ന കാര്യം അന്നുതന്നെ പുറത്തുവന്നതാണ്. അതെല്ലാം സത്യമായിരുന്നു എന്നാണ് ഫോറന്‍സിക് തെളിവുകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സന്‍, സുരേന്ദ്ര ഗാഡ്‌ലിംഗ് എന്നിവര്‍ക്ക് എതിരെ അന്വേഷണ ഏജന്‍സി ഹാജരാക്കിയ തെളിവുകളും വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.