ധർമശാല: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവും, നാല് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനും ചേർന്നാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ കറക്കിവീഴ്ത്തിയത്.
രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്. 79 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആദ്യ മത്സരം മാത്രമാണ് ഇതുവരെ ഇംഗ്ലണ്ട് ജയിച്ചത്. അടുത്ത മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പരയിൽ അപരാജിത ലീഡ് നേടിക്കഴിഞ്ഞു.
നാലാം ടെസ്റ്റ് ജയിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇതുവരെ നിരാശപ്പെടുത്തിയ രജത് പാട്ടീദാറിനു പകരം കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ പേസ് ബൗളർ ആകാശ് ദീപിനു പകരം ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് ടീമിൽ ഒലി റോബിൻസണു പകരം മാർക്ക് വുഡിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.