ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപിക്കുന്ന കൊവിഡ് പുതിയ വകഭേദം ബിഎഫ് .7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവണമെന്നും മോദി നിര്‍ദേശിച്ചു. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കണം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ടവിധത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണം. കൂടാതെ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും മോദി നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് അനുസരിച്ച് ഇന്നലെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 20 ന് 79 പേർക്കും ഡിസംബർ 19 ന് 36 പേർക്കും ഡിസംബർ 18 ന് 62 പേർക്കും ഡിസംബർ 17 ന് 59 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകളിൽ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധികാല യാത്രകളിൽ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. സംസ്ഥാനത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി, ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഡിസംബറിൽ ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 51 കേസ് റിപ്പോർട്ട് ചെയ്തു. നൂറിനും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കേസുകൾ. പരിശോധനകൾ കുറവാണെന്നതും പ്രതിദിന കേസുകൾ കുറയാൻ കാരണമാണ്. എന്നാൽ അവധിക്കാലമാകുന്നതോടെ രോഗികളുടെ എണ്ണം കൂടിയേക്കാമെന്നാണ് വിലയിരുത്തൽ.