Timely news thodupuzha

logo

കേരളം വ്യവസായസൗഹൃദ സംസ്ഥാനം;സംരഭക വർഷത്തിൽ ആരംഭിച്ചത് 3.4 ലക്ഷം സംരംഭങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിത്തീർക്കാൻ കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാതല സംരംഭകസഭ കട്ടപ്പന നഗരസഭ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുൻപ് വ്യവസായ സൗഹൃദ സൂചികയിൽ ഇരുപത്തിയെട്ടാമതായിരുന്നു കേരളം. എന്നാൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപ്പാക്കിയതോടെ കേരളം ഒന്നാമതായി. നിശ്ചയാർഢ്യത്തോടെ കൂട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണിത്. സംസ്ഥാനത്ത്പുതിയ വ്യവസായ നയം രൂപീകരിക്കാൻ സാധിച്ചു. സംരംഭകത്വ വർഷത്തിൻ്റെ ഭാഗമായി ഒരു ലക്ഷത്തിലധികം വനിതാ സംരംഭങ്ങൾ കേരളത്തിലാരംഭിക്കാൻ കഴിഞ്ഞു. നൈപുണ്യ വികസന രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി.

വ്യവസായ വകുപ്പ് പ്രാദേശികമായി ഹെൽപ് ഡസ്കുകൾ ആരംഭിച്ച് സംരംഭകർക്ക് നാല് ശതമാനം പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കി. വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തിനപ്പുറം 3,39,649 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. 21,296 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായി. 7,20,000 പേർക്ക് തൊഴിൽ ലഭിച്ചു.

ഇടുക്കി ജില്ലയിൽ മാത്രം10,508 സംരംഭങ്ങൾ തുടങ്ങി. 689 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 21,862 പേർക്ക് തൊഴിൽ ലഭിച്ചു. ഇത്തരത്തിൽ വലിയ മാറ്റങ്ങൾ സമൂഹത്തിലുണ്ടാക്കാൻ സർക്കാറിന് സാധിച്ചു. സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുന്നതിന് സംരംഭകരെ സഹായിക്കാനാണ് ഇത്തരം സംരംഭകസഭയെന്നും അത് ഫലപ്രദമാക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ,ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ,ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ , മറ്റ് ത്രിതല ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ ആരംഭിച്ച പരിപാടിയിൽ പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ ബോധവൽക്കരണം, ജിഎസ്ടിയും സംരംഭകത്വവും എന്ന വിഷയത്തിൽ പ്രഭാഷണം എന്നിവ നടന്നു.കുടുംബശ്രീ, കെഎസ്ഇബി, ഭക്ഷ്യ സുരക്ഷ, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, ഫയർ ആൻഡ് സേഫ്റ്റി, ഐസിഡിഎസ്, ലേബർ ഓഫീസ്, ലീഗൽ മെട്രോളജി, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *