ഇടുക്കി: ക്ഷയരോഗനിവാരണ പ്രവർത്തനത്തിനായുള്ള നൂറുദിന കർമ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ് സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.ശരത് ജി റാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി. ബി ഓഫീസർ ഡോ. ആശിഷ് മോഹൻ കുമാർ സ്വാഗതം ആശംസിച്ചു.
സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന ടിബി കേസുകൾ കണ്ടുപിടിക്കുക, അവർക്ക് ഫലപ്രദമായ ചികിത്സ നൽകുക ,ക്ഷയരോഗ മരണങ്ങൾ കുറയ്ക്കുക , ക്ഷയരോഗം മൂലമുള്ള അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക ‘എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ നിക്ഷയ് വാഹനത്തിൻറെ ഫ്ലാഗ് ഓഫ് ,ടി ബി ഫ്രീ ഇടുക്കി പോസ്റ്റർ പ്രകാശനം എന്നിവ സബ് കളക്ടർ അനൂപ് ഗാർഗ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ടി ബി ചാമ്പ്യനെ ആദരിച്ചു. ക്ഷയരോഗ ബോധവൽക്കരണ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ് എന്നിവ ടി ബി സെൻറർ കൺസൾട്ടന്റ ഡോ. സാറ ആൻജോർജ് നയിച്ചു.
ക്ഷയബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലേക്കായി തയ്യാറാക്കിയ മിടുക്കി എന്ന ലോഗോയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.ആരോഗ്യവിഭാഗം ജീവനക്കാർ ,നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ, ജില്ലാ ടിബി സെൻററിൽ നിന്നുള്ള ജീവനക്കാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്ത റാലി,പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.