മലപ്പുറം: പാണ്ടിക്കടവില്‍ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുത്തത്. മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിന്‍റെ പാടുകൾ കാണുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ (36) ആണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ വച്ച് കുഴഞ്ഞു വീണ് മരിച്ചത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മൊയ്തീൻ കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
തുടർന്ന് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. അന്വേഷണ വിധേയമായി 2 സിപിഒമാരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും, ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്.