Timely news thodupuzha

logo

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിലെ ​ഗവർണറുടെ സ്റ്റാൻഡിങ്ങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ നിയമതടസ്സമുണ്ടോ എന്നാണ് പരിശോധിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. 

അതേസമയം ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ പ്രതികരിച്ചിരുന്നു. ഭരണഘടനെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് സജി ചെറിയാൻ ഇന്നും ആവർത്തിച്ചു. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അതിന് ശേഷം അഞ്ച് മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. 

Leave a Comment

Your email address will not be published. Required fields are marked *