കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് ഇന്നു രാവിലെ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഈ മാസം 1 നാണ് അഞ്ജുശ്രീ കുഴിമന്തി കഴിക്കുന്നത്. പെൺക്കുട്ടിക്ക് ഒപ്പം അമ്മയും കുഴിമന്തി കഴിച്ചിരുന്നു. എന്നാൽ അമ്മക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഗുരുതരമായിരുന്നില്ല. റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായാണ് കുഴിമന്തി വാങ്ങിയത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ ചെയ്തിരുന്നത്. അവിടെനിന്നും ഭക്ഷണം കഴിച്ച മറ്റ് പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.