Timely news thodupuzha

logo

കേരള – ​ഗൾഫ് യാത്രാക്കപ്പൽ സർവീസ്; ആദ്യഘട്ട ചർച്ച ആശാവഹം

കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള – ​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച ആശാവഹം.

കപ്പൽ സർവീസ്, വിനോദ സഞ്ചാരം, ചരക്കു​ഗതാ​ഗതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഇരുപതോളം കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

സാധാരണക്കാരായ പ്രവാസികൾക്ക് വിമാന യാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ.എസ്‌ പിള്ള ചർച്ചയിൽ പറഞ്ഞു.

സിംഗപ്പൂർ, ​ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ ഇതിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം ദേശാഭിമാനിയോട്‌ പറഞ്ഞു.

​ഗൾഫിൽനിന്ന് മൂന്നോ നാലോദിവസംകൊണ്ട് വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ്‌ ക്രമീകരിക്കാനാണ്‌ ബോർഡ് ലക്ഷ്യമിടുന്നത്.

സർക്കാരിൽ നിന്നും മാരിടൈം ബോർഡിൽനിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ കമ്പനികളെ അറിയിച്ചു. ഏപ്രിൽ 22 വരെ താൽപ്പര്യപത്രം സമർപ്പിക്കാം.

കെ.എസ്.ഐ.എൻ.സി മാനേജിങ്ങ് ഡയറക്ടർ ആർ ​ഗിരിജ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ എം.ഡി ഡോ.കെ മനോജ് കുമാർ, ഉത്തരവാദിത്വ ടൂറിസം മിഷൻ കോർഡിനേറ്റർ കെ രൂപേഷ് കുമാർ, കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് മാനേജർ വിപിൻ ആർ മേനോത്ത് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *