കണ്ണൂർ: പയ്യാമ്പലത്ത് സി.പി.ഐ.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ നിലയിൽ. അജ്ഞാതർ കരിഓയിൽ പോലുള്ള രാസലായനി ഒഴിച്ചാണ് നാശമാക്കിയിട്ടുള്ളത്.
ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് വികൃതമാക്കിയത്. വ്യാഴം രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കോടിയേരിയുടെ സ്‌തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. മറ്റ് സ്‌തൂപങ്ങളുടെ പേര് എഴുതിയ ഭാഗങ്ങൾ അപ്പാടെ കരിയിൽ മുക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പ്രകോപനം സൃഷ്‌ടിച്ച് സംഘർഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ടൗൺ പൊലീസിൽ പരാതി നൽകി.
സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ ആക്ടിങ്ങ് സെക്രട്ടറി റ്റി.വി രാജേഷ്, കെ.പി സഹദേവൻ, വി ശിവദാസൻ എം.പി, എൻ ചന്ദ്രൻ, എം പ്രകാശൻ, കെ.പി സുധാകരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ആസൂത്രിത ആക്രമണമാണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു.