ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്‌രിവാളിന് നിയമപരമായ എന്ത് തടസമാണുള്ളതെന്ന് ചോദിച്ച കോടതി സ്ഥാനത്തു നിന്നും നീക്കാന്‍ ചട്ടമില്ലെന്ന് വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹര്‍ജി തള്ളിയത്.
ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സർക്കാർ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള വിഷയമാണിതെന്നും ഇതിൽ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്.
സാമ്പത്തിക അഴിമതി കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിനെ മുഖ്യമന്ത്രി പോലുള്ള പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.