ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക്(96) രാഷ്ട്രപതി ദ്രൗപദി മുർമു വീട്ടിലെത്തി ഭാരത്‌രത്ന സമ്മാനിച്ച വേളയില്‍, തൊട്ടടുത്ത സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ വിമര്‍ശമുയരുന്നു.
മോദിയുടേത് മര്യാദയില്ലാത്ത പെരുമാറ്റമായി സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പ്രമുഖര്‍ ചൂണ്ടിക്കാട്ടി. അനാരോഗ്യത്തെതുടർന്ന് ഇരുന്നാണ് അദ്വാനി പുരസ്കാരം സ്വീകരിച്ചത്. രാഷ്ട്രപതി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പുരസ്കാരം കൈമാറി.
തൊട്ടടുത്ത കസേരയില്‍ ഇരുന്ന മോദി, രാഷ്ട്രപതി എഴുന്നേറ്റു നിന്ന് പുരസ്‌കാരം നൽകുമ്പോൾ എഴുനേല്‍ക്കാന്‍ തുനിയാതെ, ഇരുന്നു കൊണ്ടു കൈയ്യടിക്കുകയായിരുന്നു.
ഭരണഘടനാ സ്ഥാപനങ്ങളോട് ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഇന്ത്യ മുന്നണിയുടെ ഡല്‍ഹി റാലിയില്‍ പറഞ്ഞു.