ന്യൂഡൽഹി: കടമെടുപ്പു പരിധി വെട്ടി കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ ഇടക്കാല ആശ്വാസം തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.
കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കേസ് നൽകിയിരുന്നത്. ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.
ഭരണഘടനയുടെ 293 അനുഛേദങ്ങളുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്യൂട്ടിൽ ഉന്നയിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സർക്കാരിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും കടമെടുക്കുന്നതിന് ആർട്ടിക്കിൾ 293 സംസ്ഥാനങ്ങൾക്ക് അവകാശം നൽകുന്നുണ്ടോയെന്നും അങ്ങനെയാണെങ്കിൽ, കേന്ദ്രത്തിന് അത് എത്രത്തോളം നിയന്ത്രിക്കാനാകും എന്നതാണ് മറ്റൊരു പ്രശ്നം.
ധനനയം സംബന്ധിച്ച ജുഡീഷ്യൽ അവലോകനത്തിൻ്റെ വ്യാപ്തിയും കേസിൽ ഉൾപ്പെട്ടിരിയ്‌ക്കുന്നു. ഭരണഘടനയുടെ അനുഛേദം 293 ഇതുവരെ ഒരു ആധികാരികമായ നിയമ പരിശോധനയ്‌ക്ക് വിധേയമായിട്ടില്ല എന്നതു കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്.
10,000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
കടമെടുപ്പു പരിധി വെട്ടി കുറച്ചതിന് എതിരെ കേരളം നൽകിയ ഹർജി പരിഗണിക്കവേ 13,600 കോടി രൂപ കടമെടുക്കാൻ അനുവദിക്കാമെന്ന് നേരത്തേ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
ഈ തുക മതിയാകില്ലെന്നും 10,000 കോടി രൂപയ്‌ക്കു കൂടി അനുമതി നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും കേരളം ഇടക്കാല ആവശ്യം ഉന്നയിച്ചിരുന്നു. കർശന ഉപാധികളോടെ 5000 കോടി രൂപയ്‌ക്ക് അനുമതി നൽകാമെന്ന കേന്ദ്ര സർക്കാർ നിർദേശം കേരളം തള്ളിയിരുന്നു.