ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കളക്ടർ ഷീബ ജോർജ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
രാവിലെ ജന്മനാടായ പൈങ്ങോട്ടൂരിൽ വിവിധ ഇടങ്ങളിൽ ജനങ്ങളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഡീൻ ചെറുതോണിയിൽ എത്തിയത്.
അവിടെ വ്യാപാര സ്ഥാപനങ്ങളിൽ എത്തി വോട്ട് തേടി. തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർ ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
തുടർന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തി. അവിടെ നേതൃയോഗത്തിൽ പങ്കെടുത്തു. പൊതു പര്യാടനത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തു.
വെള്ളിയാഴ്ച ഇടുക്കി ബ്ലോക്ക് പരിധിയിൽ നിന്നാണ് പൊതു പര്യടനം ആരംഭിക്കുന്നത്.
കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് കലക്ട്രേറ്റിൽ എത്തിയത്.
എ.കെ മണിയുടെ നേതൃത്വത്തിൽ മൂന്നാറിലെ തോട്ടം തൊഴിലാളികൾ സമാഹരിച്ചു നൽകിയ തുകയാണ് ഡീൻ കുര്യാക്കോസ് തെരഞ്ഞെടുപ്പിൽ കെട്ടിവെച്ചത്.
ഡിസിസി പ്രസിഡന്റ് സി.പി മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ, യുഡിഎഫ് ജില്ല കൺവീനർ എം.ജെ ജേക്കബ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.എ ഷുക്കൂർ, ഇ.എം അഗസ്തി, റോയി കെ പൗലോസ്, ഇബ്രാഹിംക്കുട്ടി കല്ലാർ എന്നിവർ യുഡിഎഫ് സ്ഥാനാർത്ഥിയോടൊപ്പം സന്നിഹിതരായിരുന്നു.