ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് 50,000 രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി.
ആംആദ്‌മി മുൻ എം.എൽ.എ സന്ദീപ്‌കുമാറിന്റെ ഹർജി തള്ളിയാണ് കോടതി പിഴ ചുമത്തിയത്. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി.
രാഷ്ട്രീയ തർക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കിൽ റോഡിൽ പോയി നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടർച്ചയായി മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുളള ഹർജി എത്തുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചുള്ള കേസ് പരിഗണിക്കുന്നത്.
നേരത്തെ രണ്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്‌രിവാളാണെന്നും കോടതിക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും രണ്ടാമത്തെ ഹർജിയും തള്ളി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.