
കാട്ടാക്കട: ചിക്കൻ കറി കൊടുത്തില്ല എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ അക്രമി സംഘം മർദിച്ചതായി പരാതി. കാട്ടാക്കട നക്രാംചിറയിൽ മയൂര ഹോട്ടലിലെ കാഷ്യർ ഉദയദാസ്, ജീവനക്കാരൻ പ്രവീൺ എന്നിവർക്കാണ് മർദനമേറ്റത്. പൊറ്റയിൽ സ്വദേശി അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള മയൂരാ ഹോട്ടലിലാണ് നാലംഗസംഘം ആക്രമണം നടത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അഹാരം കഴിച്ചശേഷം പാർസൽ വാങ്ങി പോകുകയും തുടർന്ന് എത്തി ചിക്കനിൽ കറി കുറഞ്ഞതിനാൽ നൽകിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
സംഭവത്തിൽ കാഷ്യർ, ജീവനക്കാരൻ എന്നിവർക്ക് മുഖത്താണ് മർദനം. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ചിലർക്കും മർദനമേറ്റു.
പരിക്കേറ്റവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.