തിരുവനന്തപുരം: മേനിലത്ത് പ്രവർത്തിക്കുന്ന എ.ആർ.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയെടുത്തു. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകി ആകർഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൻറെ തട്ടിപ്പ്. സഹോദരിമാരായ എ.ആർ.ചന്ദ്രിക, എ.ആർ.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആർ.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്ട്രേഷൻ. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിൻറെ പ്രവർത്തനം. 2021 ഒക്ടോബർ വരെ കൃത്യമായി പലിശ നൽകി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും അയൽവാസികളുമായ നിരവധിപേർ സമ്പാദ്യം മുഴുവൻ നിക്ഷേപമായിറക്കി. ഇതിനുശേഷം പലിശ മുടങ്ങി.
ഒന്നേകാൽ വർഷമായി പലിശയുമില്ല മുതലുമില്ല. ഡിവൈഎസ്‍പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻറെ ഭാര്യ ഉൾപ്പെടെ ചേർന്ന് നടത്തുന്ന എ.ആർ.ഫൈനാൻസിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും നിക്ഷേപകർക്ക് പരാതിയുണ്ടായിരുന്നു. 2003ൽ പാർട്‍ണർഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതാണ് തിരുവല്ലം വില്ലേജ് ഓഫിസിന് സമീപത്തെ ആനന്ദ ഭവനിൽ പ്രവർത്തിക്കുന്ന എ.ആർ.ഫൈനാൻസ്.