Timely news thodupuzha

logo

വാഴത്തോപ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനം തകർക്കുന്നവർക്കെതിരെ നടപടി വേണം; ഡി.കെ.റ്റി.എഫ് ഇടുക്കി ബ്ലോക്ക് കമ്മറ്റി

ചെറുതോണി: വാഴത്തോപ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനം തകർക്കുന്ന ഉദ്യോഗസ്ഥരുടെ തൻ പ്രമാണിത്വവും ധിക്കാര നടപടികളും അവസാനിപ്പിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഇടുക്കി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.

മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിരുത്തരവാദപ്രവർത്തനങ്ങൾ സാധാരണക്കാരായ രോഗികൾക്ക് ലഭിക്കേണ്ട ചികിൽസ നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഡി.കെ.റ്റി.എഫ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് അനിൽ ആനക്കനാട്ട് ആവശ്യപ്പെട്ടു.

പട്ടിക വർഗ്ഗ വിഭാഗങ്ങൾ ഉൾപ്പടെ അധിവസിക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിൻ്റെ പിന്നോക്ക മേഖലകളിൽ നിന്നും ചികിൽസ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ചികിൽസ നിഷേധിക്കുന്ന നടപടിയാണ് ആശൂപത്രി അധികൃതരുടെ ഭാഗത്തു നിന്നും കാലങ്ങളായി തുടരുന്നത്.

വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയതോടെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ആറ് വരെ പ്രവർത്തിക്കേണ്ട ഫാമിലി ഹെൽത്ത് സെൻ്റർ സ്ഥിരമായി നാലിന് മുൻപ് പൂട്ടുകയാണ്.

താൽക്കാലിക നിയമനത്തിലുള്ള ഒരു ജീവനക്കാരി മാത്രമാണ് പലപ്പോഴും ഇവിടെ ഉണ്ടാവാറുള്ളൂ. ഒരു മെഡിക്കൽ ഓഫീസർ ഉൾപ്പെടെ മുപ്പതോളം ജീവനക്കാരുള്ള വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ എത്തിയിട്ട് മാസങ്ങളായി.

നാട്ടുകാർ ഏറെ പരാതികൾ ഉന്നയിച്ചെങ്കിലും ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക ചുമതലയുള്ള മെഡിക്കൽ ഓഫീസർ തൻ്റെ സ്വാധീനം ഉപയോഗിച്ച് പരാതികൾ ഒഴിവാക്കുന്നതായാണ് ആരോപണം.

ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗക്കാരും ഉൾപ്പെടെ നൂറുകണക്കിന് രോഗികൾ ചികിൽസ തേടിയെത്തുന്ന ഇവിടെ പലർക്കും പ്രാഥമിക ചികിൽസ പോലും ലഭിക്കാറില്ല.

ഇടുക്കി മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും ഇവിടെ രോഗികളെ പരിശോധിക്കാറുള്ളത്. ജീവനക്കാരിൽ പലരും മാസാമാസം ഒപ്പിട്ട് ശമ്പളം വാങ്ങാൻ മാത്രമാണിവിടെ എത്തുന്നത്.

ഒന്നിലധികം സ്വീപ്പറൻമാരും പ്യൂൺ മാരുമുണ്ടായിട്ടും ആശൂപത്രി പരിസരം ശുചീകരിക്കുവാനോ ആശ്രൂത്രി അങ്കണത്തിലെ ക്വാർട്ടേഴ്സ് നശിച്ചു പോകാതെ സംരക്ഷിക്കുവാനോ തയ്യാറാവുന്നില്ലന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അനിൽ ആനയ്ക്കനാട്ട് ആവശ്യപ്പെട്ടു.

പല ദിവസങ്ങളിലും ഒരു സ്വീപ്പർ മാത്രമാണ് ഡ്യൂട്ടിക്ക് എത്താറുള്ളത്. ആശുപത്രിയുടെ സമയം പാലിക്കാതെ പല ദിവസങ്ങളിലും സ്വീപ്പർ ഉച്ചക്ക് 12 മണിക്കും മൂന്ന് മണിക്കും സ്ഥാപനം അടച്ചു പൂട്ടുന്ന സ്ഥിതിയാണ്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് താൻ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്നും അനിൽ ആനയ്ക്കനാട്ട് വ്യക്തമാക്കി.

മെഡിക്കൽ ഓഫീസർ തൻ്റെ സ്വകാര്യ പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനം അവതാളത്തിലാക്കുകയാണന്നും ഇതിനെതിരെ വിജിലൻസിൽ പരാതിനൽകുവാനും ആവശ്യമെങ്കിൽ പൊതു ജനങ്ങളെ ഉൾപ്പെടുത്തി സമര പരിപാടികൾ സംഘടിപ്പിക്കുവാനും ചെറുതോണി ഇന്ദിരാ ഭവനിൽ ചേർന്ന ഡി.കെ.റ്റി.എഫ് ഇടുക്കി ബ്ലോക്ക് കമ്മറ്റി യോഗം തീരുമാനിച്ചു.

അനുഷൽ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. സാജു കാഞ്ഞിരത്താം കുന്നേൽ, അനീഷ് പ്ലാശനാൽ, മോഹൻ തോമസ്, ബെന്നി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *