Timely news thodupuzha

logo

സംരംഭക വർഷം; കേരളത്തിൽ ആരംഭിച്ചത് 2,44,702 സംരംഭങ്ങൾ

തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആരംഭിച്ചത് 2,44,702 സംരംഭങ്ങൾ. ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ പദ്ധതിയാണ് സംരംഭക വര്‍ഷം.

പദ്ധതിയുടെ രണ്ടാം എഡിഷനിലും ഒരു ലക്ഷത്തിലധികം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപവും ആകർഷിക്കപ്പെട്ടു.

ഒപ്പം 5,20,945 പേർക്ക് തൊഴിലും ലഭ്യമായി. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചതാണ് സംരംഭക വർഷത്തിന്‍റെ ഉജ്വല നേട്ടങ്ങളിലൊന്ന്.

2022 – 2023 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച പദ്ധതി മികച്ച വിജയം നേടിയതോടെയാണ് 2023-24 സാമ്പത്തിക വർഷത്തിലും പദ്ധതി തുടരാൻ തീരുമാനിക്കുന്നത്.

സംരംഭക വർഷം ഒന്നാം എഡിഷനില്‍ സംസ്ഥാനത്ത് 1,39,840 സംരംഭങ്ങളും 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്.

സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളുടെ വളർച്ചയ്ക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നൂതനമായ കൂടുതൽ പദ്ധതികളും വ്യവസായ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി.

കേരളത്തിലെ എം.എസ്.എം.ഇകളിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി നാല് വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ട് വരാനുള്ള എം.എസ്.എം.ഇ സ്കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എം.എസ്.എം.ഇ സുസ്ഥിരതാ മിഷൻ, സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീഇംബേഴ്സ്മെന്‍റ് ആയി നൽകുന്ന എം.എസ്.എം.ഇ ഇൻഷുറൻസ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ മെയ്ക് ഇൻ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായിട്ട് വിഭാവനം ചെയ്തിരിക്കുന്ന ഇൻഡസ്ട്രീസ് അവാർഡ്സ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്.

Leave a Comment

Your email address will not be published. Required fields are marked *