കാരണവരും കൂട്ടരും തറവാടു കുട്ടിച്ചോറാക്കി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടു..
ഞങ്ങളുടെ തറവാട്ടു കാരണവരായ വല്യമ്മാവനും അമ്മായിയും കുടുംബവും കൂടും കുടുക്കയുമെടുത്ത് എങ്ങോട്ടോ പോയെന്ന് ആദ്യം വിവരം തന്നത് ചായക്കടക്കാരൻ അയ്യപ്പേട്ടനാണ്.
കഴിഞ്ഞ ദിവസം രായ്ക്കുരാമാനം ആരുമറിയാതെ അവർ ട്രെയ്‌ൻ കയറാൻ പോകുന്നത് അയ്യപ്പേട്ടൻ ഒരുനോക്കു കണ്ടുവത്രെ. അവർ ഏതു ട്രെയ്‌നിന്, എങ്ങോട്ടാണ് പോയതെന്നു മാത്രം പിടികിട്ടിയില്ല. കട തുറക്കുന്ന തിരക്കിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാനും കക്ഷിക്ക് സമയം കിട്ടിയില്ല.
പക്ഷെ, നാട്ടിലെമ്പാടും ഇതൊരു വാർത്തയായി മാറി.
തറവാടുമുടിച്ച ശേഷം ആരുമറിയാതെ കാരണവർ സിംഗപ്പുരിലേക്കു കപ്പൽ കയറിയെന്ന് ഒരുകൂട്ടർ. അതല്ല, മാനസാന്തരം വന്നു കാശിക്ക് പോയതാണെന്നു മറ്റൊരു കൂട്ടർ. അതൊന്നുമല്ല, തറവാട്ടിലെ അറ പൊളിച്ചു പണവും പണ്ടവുമെടുത്ത് ഭാര്യയും മക്കളുമായി മലേഷ്യയ്ക്ക് നാടുവിട്ടെന്നെന്ന് മൂന്നാമതൊരു കൂട്ടർ.
എന്തായാലും തറവാട്ടിൽ ഇതോടെ കശപിശ തുടങ്ങി. കിംവദന്തികൾ പാറിപ്പറന്നു. ഓൾഡ് മാനോടൊപ്പം തറവാടിന്‍റെ മാനവും കപ്പൽ കയറി.
ഞങ്ങൾ, തറവാട്ടംഗങ്ങൾക്കും ആധിയായി. കാരണവരും കൂട്ടരും തറവാടു കുട്ടിച്ചോറാക്കി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടു. പഴയ കാരണവന്മാർ ഇങ്ങനെ കുടുംബത്തോടൊപ്പം ഒളിച്ചുപോയതായി നേരത്തേയും കേട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഈയവസരത്തിൽ കൈയും കെട്ടി നോക്കിയിരിക്കാനാവുമോ? തറവാടിന്‍റെ സൽപ്പേരിനെ ബാധിക്കുന്ന കാര്യമല്ലേ?
തറവാട്ടു കാര്യസ്ഥൻ ഗോവിന്ദൻ നായരും അടുക്കളക്കാരൻ ബാലൻ നായരുമാണ് കാരണവരുടെ വിശ്വസ്ത കിങ്കരന്മാർ. കാരണവരുടെയും കൂട്ടരുടെയും അന്തർധാനത്തെക്കുറിച്ച് അവരോടു ചോദിക്കാമെന്ന് തറവാട്ടംഗങ്ങളായ ഞങ്ങൾ ഒടുവിൽ തീരുമാനത്തിലെത്തി. അവരെ ഒരു ദിവസം ആളയച്ചു വരുത്തി. ചോദ്യം ചെയ്യൽ തുടങ്ങി.
ഉത്തരം തേടുന്ന ചോദ്യങ്ങൾ
ഞങ്ങൾ: “എന്തൊക്കെയാണ് കേൾക്കുന്നത്? മൂപ്പീന്നും കുടുംബവും എങ്ങോട്ടു പോയി? എപ്പോൾ പോയി? എന്തിനു പോയി? എങ്ങനെ പോയി?’
കാര്യസ്ഥൻ: “അങ്ങേര് കുടുംബത്തിലെ തലമൂത്ത കാരണവരല്ലേ? നിങ്ങടെ തറവാട് ഭരിച്ചു മൂപ്പർ വശംകെട്ടു കാണും! ഒന്നു വിശ്രമിക്കണമെന്ന് അദ്ദേഹത്തിനു തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ? അങ്ങേരും ഒരു മനുഷ്യനാണല്ലോ’.
ഞങ്ങൾ: “എന്നാലും എന്‍റെ ഗോവിന്ദൻ നായരേ! ഞങ്ങളോടും കൂടെ വിവരം പറയാമായിരുന്നില്ലേ?’
കാര്യസ്ഥൻ: “അതിലൊന്നും വലിയ കാര്യമില്ല. വിളിച്ചാൽ വിളി കേൾക്കുന്ന സ്ഥലത്തേക്കാണ് പോയത്.’
ഞങ്ങൾ: “ആ സ്ഥലം ഏതാണെന്നാണു കൃത്യമായി പറയണം. ഞങ്ങൾക്ക് അതറിയാൻ അവകാശമുണ്ട്.’
കാര്യസ്ഥൻ: “നിർബന്ധമാണെങ്കിൽ പറയാം. അങ്ങേരും കുടുംബവും പോയത് ബഹിരാകാശത്തേക്കല്ല, ഇന്ത്യാ മഹാരാജ്യത്തിന്‍റെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ നിന്ന് തെക്ക് മൂന്നു ഡിഗ്രി ലോംജിറ്റ്യൂഡിലുള്ള അന്തമാൻ – നിക്കോബാറിൽ നിന്ന് വെറും 600 കിലോമീറ്റർ മാത്രം അകലെയുള്ള മലേഷ്യയിലേക്കാണ്.’
ഞങ്ങൾ: “അയ്യോ! അത്രയ്ക്ക് ദൂരേയ്ക്കാണോ?’
കാര്യസ്ഥൻ: “തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു ട്രെയ്‌നിൽ പോകുന്ന ദൂരം പോലുമില്ല ഇത്.’
ഞങ്ങൾ: “കൊള്ളാം! ഇനി ഇവറ്റകൾ മടങ്ങിവരില്ലെന്നാണോ? കള്ളക്കടൽ ഇളകിവരുന്ന കാലമാണ്.’
കാര്യസ്ഥൻ: “അങ്ങനെ സന്തോഷിക്കേണ്ട! യാത്രയുടെ രസം പോകുമ്പോൾ, പത്തിരുപതു ദിവസം കഴിയുമ്പോൾ കാരണവരും കൂട്ടരും തിരിച്ചുവരും!’
ഞങ്ങൾ: “എന്തായാലും കാരണവരും ഫാമിലിയും ഇരുചെവിയറിയാതെ ടൂറിനു പോയത് മോശമായിപ്പോയി.’
കാര്യസ്ഥൻ: “നിങ്ങളൊക്കെ എന്താണീപ്പറയുന്നത്? ചെണ്ട കൊട്ടി അറിയിക്കേണ്ട കാര്യമല്ലിത്. പുത്തിരിക്കണ്ടത്തു ചെന്ന് ആർപ്പുവിളിക്കേണ്ട കാര്യവുമില്ല. നിങ്ങൾ വേണമെങ്കിൽ ഊഹിച്ചറിഞ്ഞോണം. അതിന് കഴിവില്ലെങ്കിൽ കവടി നിരത്തി കണ്ടെത്തണം.’
ഞങ്ങൾ: “അല്ല, ഗോവിന്ദാ! ഇതിനൊക്കെ പണം എവിടുന്നു കിട്ടി? ഇവിടെയാണെങ്കിൽ നിത്യച്ചെലവിനു പോലും കാശില്ല. നമ്മൾ വിത്തെടുത്തു കുത്തി ഉണ്ണുകയാണ്!’
കാര്യസ്ഥൻ: “നിങ്ങളെന്തിനാണ് ഇതൊക്കെയറിയുന്നത്? യാത്രയ്ക്കുള്ള ചെലവു കാശ് നിങ്ങൾ കൊടുക്കുമോ?’
ഞങ്ങൾ: “തറവാട്ടു കാരണവർ എന്നത് ഭരണഘടനാ പദവിയാണ്. അദ്ദേഹം പണം കൈകാര്യം ചെയ്യുമ്പോഴും യാത്ര പോകുമ്പോഴും ഞങ്ങളറിയണം!’
കാര്യസ്ഥൻ: “എന്നാൽ ആരും വിഷമിക്കേണ്ട! തറവാട്ടിലെ ചില്ലിക്കാശു പോലും ചെലവാക്കാതെയാണ് അവർ പറന്നുപോയിരിക്കുന്നത്. കാരണവർക്കും കുടുംബത്തിനും ചെല്ലും ചെലവും കൊടുക്കുന്നത് സ്പോൺസർമാരാണ്.’
അടുക്കളക്കാരൻ: “ഇനി നിങ്ങൾക്ക് എന്തൊക്കെയറിയണം! ഹോട്ടൽ ഏതാണ്? ഡബിൾ റൂമാണോ, സിംഗിൾ റൂമാണോ? കുടിച്ചത് ചായയോ കാപ്പിയോ? ബാത്ത്റൂം യൂറോപ്യനാണോ, ഇന്ത്യനാണോ?’
ഞങ്ങൾ: “ ഞങ്ങളെ പരിഹസിക്കരുത്. ഇന്ത്യനാണ് ഞങ്ങൾക്ക് പഥ്യം. നമ്മളെല്ലാം ഭാരതീയരാണല്ലോ.’
കാര്യസ്ഥൻ: “നിങ്ങളൊക്കെ ഇങ്ങനെയൊന്നും കാരണവരെ സംശയിക്കരുത്! നിങ്ങളൊന്നും ചത്താൽ കണ്ണടയില്ല. മരിച്ചാലും കണ്ണുതുറന്നിരിക്കും. ക്യാമറക്കണ്ണുപോലെ!’
അടുക്കളക്കാരൻ: “അല്ലെങ്കിലും കാരണവർ ചെയ്തതാണ് കറക്റ്റ്. നിലാവുദിച്ചിട്ട് യാത്ര പോകാമെന്നു വച്ചാൽ, നിലാവുദിക്കുന്നതു വരെ പന്നി നിൽക്കുമോ? സ്പോൺസർ സാറന്മാരു നിൽക്കുമോ? അതുകൊണ്ട്, ആലയിൽ നിന്ന് പശുക്കൾ ഇറങ്ങിപ്പോകുന്നതു പോലെ പോവുകയാണ് നല്ലത്.’
കാരണവരാണ് ശരി!
ഇത്രയുമൊക്കെ കേട്ടതോടെ ഞങ്ങളെല്ലാം ഫ്ലാറ്റായി. എല്ലാവരും മുണ്ടു മുറുക്കിയുടുത്ത് ഉമ്മറത്തിരിപ്പായി. ഇനിയൊന്നും പറയാനില്ലെന്നും നാടോടുമ്പോൾ നടുവേ ഓടണമെന്നും ഞങ്ങൾക്ക് മനസിലായി. തറവാട്ടിലെ കാര്യസ്ഥൻ മുതൽ അടുക്കളക്കാരൻ വരെ കാരണവരുടെയും കുടുംബത്തിന്‍റെയും കൂടെയാണെങ്കിൽ നമ്മളെന്തു പറയാനാണ്! എന്തു ചെയ്യാനാണ്!
ഒന്നാലോചിച്ചാൽ കാരണവർ ചെയ്തതാണ് ശരി. ഇത്ര വലിയ കുടുംബം ഭരിക്കുന്ന ഗൃഹനാഥനും കുടുംബത്തിനും തെല്ലു വിശ്രമമൊക്കെ വേണ്ടേ? ദൈവം പോലും ആറു ദിവസം പ്രപഞ്ചസൃഷ്ടി നടത്തിക്കഴിഞ്ഞ ഒരു ദിനം വിശ്രമിച്ചു. അങ്ങനെയാണ് ഭൂമിയിൽ ഞായറാഴ്ചകൾ ഉണ്ടായത്. തിങ്കൾ മുതൽ വെള്ളിവരെ എല്ലു മുറിയെ പണിയെടുത്താൻ പല്ലു മുറിയെ തിന്നാൻ ഒരു ഞായറാഴ്ച ആവശ്യമാണുതാനും. അപ്പം കൊണ്ടു മാത്രമല്ല, വിനോദയാത്ര കൊണ്ടുകൂടിയാണ് മനുഷ്യൻ ജീവിക്കുന്നത്.
ഈവിധം ചിന്തിച്ചപ്പോൾ ഞങ്ങൾക്കും ഒരു യാത്ര പോയാലെന്തെന്നായി വിചാരം. അടുത്തയാഴ്ച ഞങ്ങളും യാത്ര തിരിക്കാൻ പദ്ധതിയിടുകയാണ്. ഒരു സ്പോൺസറെ കിട്ടിയാൽ കൊടൈക്കനാലിലും ഗുണാ കേവിലും പക്ഷി പാതാളത്തിലും പോകാൻ തയാർ!
വാൽക്കഷണം
നമ്മുടെ കാരണവരെപ്പോലെ തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുന്നാളിനും പണ്ടൊരു മോഹമുദിച്ചു. ഏഴാം കടലിനക്കരെ പോകണം! ലോകം ചുറ്റിക്കാണണം!
രാജാവല്ലേ? – ഉടൻ കാര്യം നടപ്പായി. കപ്പൽ റെഡിയായി.
ഒരു സുപ്രഭാതത്തിൽ രാജാവും കുടുംബാംഗങ്ങളും കടൽ കടന്നു.
മഹാരാജാവായി സ്ഥാനമേറ്റ് രണ്ടു വർഷം കഴിഞ്ഞ് 1933 ഏപ്രിൽ എട്ടിനായിരുന്നു ഈ ഫാമിലി ടൂർ. ലണ്ടൻ, പാരീസ്, ബെർലിൻ, റോം എന്നീ സ്ഥലങ്ങളിൽ മാത്രമല്ല വത്തിക്കാനിലും രാജാവും കുടുബാംഗങ്ങളും ചെന്നു പറ്റി. തിരുവിതാംകൂറിൽ അനേകം ജനകീയസമരങ്ങൾ രൂപംപ്രാപിച്ച കാലത്തായിരുന്നു രാജകീയ എസ്ക്കേർഷൻ. രാജാവും കൂട്ടരും തിരിച്ചുവന്നതോടെ വലിയ രാഷ്‌ട്രീയ മാറ്റങ്ങളാണ് സംഭവിച്ചത്
കടപ്പാട് :മെട്രോ വാർത്ത .