ന്യൂഡൽഹി: സൈനികരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയത്.
പാവപ്പെട്ട കുടുംബങ്ങളിലെ സംവരണ വിഭാഗത്തിൽ നിന്നുള്ളവർ, ധനിക കുടുംബത്തിൽ നിന്നുള്ളവർ എന്നിങ്ങനെ മോദി സർക്കാർ രണ്ട് വിഭാഗത്തിലുള്ള സൈനികരെ സൃഷ്ടിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
രാഹുൽ ഗാന്ധി നടത്തിയ പരാമർശം നുണയാണെന്നും സായുധ സേനയ്ക്കെതിരായ അതിക്രമമാണെന്നും ജയശങ്കർ പ്രതികരിച്ചു.
റായ്ബറേലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് സൈനികരുമായി ബന്ധപ്പെട്ട പരാമർശം രാഹുൽ നടത്തിയത്. മോദി സർക്കാരിന്‍റെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുലിന്‍റെ പരാമർശം.