പത്തനംതിട്ട: സ്ഥലം ഈട് വച്ച് ലോൺ എടുക്കാൻ എത്തിയ വി എം ജോസഫിനാണ് കേരള ബാങ്ക് കുന്നന്താനത്തെ കെ റെയിൽ പദ്ധതി പ്രദേശത്ത് വായ്പ നിഷേധിച്ചത്. വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നാണ് കുന്നന്താനം ബ്രാഞ്ച് മാനേജറുടെ വിശദീകരണം. ധനകാര്യ മന്ത്രിയുടെ വാക്കിൽ പ്രതീക്ഷയർപ്പിച്ചാണ് വി എം ജോസഫ് കേരള ബാങ്കിന്റെ കുന്നന്താനം ശാഖയിൽ വായ്പക്ക് അപേക്ഷിക്കാൻ എത്തിയത്.
എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായ മകന്റെ പഠനത്തിനായി മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പത്തൊൻപതര സെന്റ് സ്ഥലം ഈട് വച്ച് ലോൺ എടുക്കാനിയിരുന്നു തീരുമാനം. എന്നാൽ സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലമാണെന്ന് ബ്രാഞ്ച് മനേജറോട് പറഞ്ഞതോടെ ലോൺ നൽകാൻ പറ്റില്ലെന്നായി. കെ റെയിൽ പദ്ധതി പ്രദേശത്തുള്ളവർക്ക് ലോൺ നൽകാനാകില്ലെന്നാണ് മാനേജരുടെ നിലപാട്. ഭൂമി ഈട് വച്ച് പണം വാങ്ങുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി അടക്കം പറഞ്ഞതാണല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പലതും പറയും. എന്നാൽ ബാങ്കിൻറെ നടപടി ക്രമങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി.