വടകര: ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വടകരയിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു.
മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ യോഗത്തിൽ തീരുമാനമായി. ഉത്തര മേഖല ഡി.ഐ.ജി തോംസൺ ജോസഫിൻ്റ നേതൃത്വത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് യോഗം ചേർന്നത്.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് ആഹ്ലാദ പ്രകടനം രാത്രി ഏഴ് വരെ നടത്താൻ തീരുമാനമായി. ദേശീയ തലത്തിലെ ആഹ്ലാദ പ്രകടനം ജൂൺ അഞ്ചിന് നടത്താനും ധാരണയായി.
നേരത്തെ ആഹ്ളാദ പ്രകടനം വൈകിട്ട് ആറു വരെയാണ് തീരുമാനിച്ചിരുന്നത്. ഫലപ്രഖ്യാപനം വൈകുമെന്ന വിലയിരുത്തലിൻ്റ അടിസ്ഥാനത്തിലാണ് ആഹ്ളാദ പ്രകടനം രാതി ഏഴു വരെ നീട്ടിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ, കണ്ണൂർ കമ്മീഷണർ അജിത് കുമാർ, തലശേരി എ.എസ്.പി ഷഹൻഷാ, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ ദിനേശൻ, യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, ചെയർമാൻ കെ ബാലനാരായണൻ, എൻ വേണു, ഐ മുസ തുടങ്ങിയവർ സംസാരിച്ചു.