ഇരിട്ടി: വീരാജ്പേട്ട ബസ്സ്റ്റാൻഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേശിൻ്റെ(39 ) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലു പേരെ വിരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 22ന് രാത്രി ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രമേശും പിടിയിലായ നാലുപേരും വീരാജ്പേട്ട ടൗണിൽ രാവിലെ മുതൽ നൃത്തം ചെയ്ത് ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും പണം പിരിച്ചെടുത്തിരുന്നു.
വൈകുന്നേരം മദ്യപിച്ച ശേഷം ഈ പണം വീതംവയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റാരോപിതരായ നാലുപേരും ചേർന്ന് ബസ്സ്റ്റോപ്പിൽ വച്ച് രമേശിനെ ആക്രമിക്കുകയായിരുന്നു.
പിന്നീട് ഇയാൾ രക്തം വാർന്ന് മരിച്ചു. ലോകേഷ്(30), കൃഷ്ണ(20), ഹരീഷ് , പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്.
സി.സി.ടി.വികളടക്കം പോലീസ് പരിശോധിച്ചപ്പോഴാണ് നാലംഗ സംഘത്തിൻറെ മർദനമാണ് രമേശിൻറെ മരണത്തിലേക്ക് നയിച്ചതെന്ന സൂചന ലഭിച്ചത്.
മൂന്നിന് രാവിലെയാണ് വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒരു കടയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുന്നത്. സ്വാഭാവിക മരണമാണെന്നാണ് പോലീസ് ആദ്യം കരുതിയത്.
പിന്നീട് രമേശിൻറെ ഭാര്യ ഭവാനി നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സ്വന്തം വീടുകളിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.