ടെൽ അവീവ്: ഗാസയിൽ ഏഴു മാസമായി ഇസ്രയേൽ കൂട്ടക്കുരുതി തുടരവെ ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തി ഹമാസ്. ഞായറാഴ്‌ച ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ 15 സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഹെർസ്ലിയ, പെറ്റാ ടിക്വ എന്നിവയുൾപ്പെടെ മറ്റ് ഇസ്രയേലി നഗരങ്ങളിലും അപകട സൈറണുകൾ മുഴങ്ങി. മാസങ്ങൾക്കുശേഷമാണ് ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നത്.
ജനുവരിയിലാണ് ഇതിനുമുമ്പ് ആക്രമണം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. റാഫയിൽനിന്ന് എട്ട് റോക്കറ്റുകൾ വിക്ഷേപിച്ചുവെന്നും പലതും തടഞ്ഞിട്ടുവെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.
അതിനിടെ, വടക്കൻ ഗാസയിൽനിന്ന് ഇസ്രയേൽ സൈനികരെ പിടികൂടിയതായി ഹമാസ് അറിയിച്ചു. ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചു. ജബലിയ ക്യാമ്പിന് സമീപത്തുനിന്ന് പിടികൂടിയ സൈനികരെ തുരങ്കത്തിുൽ ബന്ദികളാക്കിയെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ പറഞ്ഞു.
വെടിനിർത്തൽ ചർച്ചകൾ പുനഃരാരംഭിക്കുമെന്ന റിപ്പോർട്ടുകൾ വന്നതിനുപിന്നാലെയാണ് ഹമാസിന്റെ അറിയിപ്പ്. വെടിനിർത്തൽ ചർച്ചകൾ ഇസ്രയേലിന് ആക്രമണത്തിന് കൂടുതൽ സമയം നൽകുകയാണെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അപ്രതീക്ഷിതമായ ചിലത് വരുന്നുണ്ടെന്ന് ഇസ്രയേലിനോട് ഹിസ്‌ബുള്ള സെക്രട്ടറി ജനറൽ ഹസ്സൻ നസ്രള്ള പറഞ്ഞു.