വയനാട്: കുടുംബവഴക്കിനെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരുക്കേറ്റു. പെരുന്തട്ട താമരക്കൊല്ലി വീട്ടിൽ എ.സി സുരേഷിനാണ്(38) കുത്തേറ്റത്.
വല്ല്യച്ഛന്‍റെ മകൻ വിഷ്ണുവും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേർന്നാണ് സുരഷിനെ ആക്രമിച്ചത്. സംഭവ ശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്വർണം, വസ്തുകൈമാറ്റം സംബന്ധിച്ച് കുടുംബാംഗങ്ങൾ തമ്മിൽ നേരത്തെ വഴക്ക് നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയും കുടുംബാംഗങ്ങൾ തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയാണ് തിങ്കളാഴ്ച നടന്ന ആക്രമണം. വീട്ടുകാർ തമ്മിൽ തർക്കമുണ്ടെന്നറിഞ്ഞാണ് കോയമ്പത്തൂരിലായിരുന്ന വിഷ്ണു നാട്ടിലെക്കെത്തിയത്.
കോയമ്പത്തൂരിൽ നിന്നുള്ള രണ്ടുപേരും വിഷ്ണുവിനൊപ്പമുണ്ടായിരുന്നു. മൂന്നു പേരും ആദ്യം ബിയർകുപ്പികൊണ്ട് സുരേഷിന്‍റെ തലയ്ക്കും മുഖത്തും അടിക്കുകയായിരുന്നു.
അവശനായ സുരേഷിനെ വീടിനു പുറത്തേക്ക് വലിച്ചിറക്കിയശേഷെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കഴുത്തിനു പുറകിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങൾ ചേർന്നാണ് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.