മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. അടുത്തമാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ ഏഴ് വരെ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത്.
ജൂണ്‍ 2, 4, 6 ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ 3, 5, 7 ദിവസങ്ങളിലെ മസ്‌കറ്റ് – കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി. ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും മസ്കറ്റിലേക്കും തിരിച്ചും സർവീസുണ്ടാകില്ല.
തിരുനന്തപുരത്ത് നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളേയും പുതിയ തീരുമാനം ബാധിക്കും. ബലിപെരുന്നാൾ ആഘോഷത്തിനും കേരളത്തിൽ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്ര പ്ലാൻ ചെയ്തവർക്ക് കനത്ത തിരിച്ചടിയാകും ഇത്.