ചെന്നൈ: വിമാനത്താവളത്തിൽ ബാഗിൽ വെടിയുണ്ടകളുമായി നടനും മുൻ എംഎൽഎയുമായ കരുണാസ് പിടിയിൽ. സുരക്ഷ പരിശോധനയ്ക്കിടെ 40 വെടിയുണ്ടകളാണ് താരത്തിന്‍റെ ബാഗിൽ നിന്നും പിടികൂടിയത്.
ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകാനെത്തിയ കരുണാസിന്‍റെ ബാഗിൽനിന്ന് സുരക്ഷ പരിശോധനയ്ക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
സ്വയം രക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസുള്ളതാണെന്നും വെടിയുണ്ടകൾ ബാഗിൽനിന്ന് എടുത്തുമാറ്റാൻ മറന്നതാണന്നും കരുണാസ് ചോദ്യം ചെയ്യലിൽ സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് താൻ തോക്ക് ദിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുണ്ടെന്നും കരുണാസ് വ്യക്തമാക്കി. തോക്ക് സൂക്ഷിക്കാനുള്ള ലൈസൻസിന്‍റെയും തോക്ക് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതിന്‍റെയും രേഖകൾ കരുണാസ് ഹാജരാക്കി.
ദിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട് രേഖകൾ പരിശോധിച്ച ശേഷം താരത്തിനെ വെറുതെവിട്ടു. എന്നാൽ താരത്തിന്‍റെ വിമാനയാത്ര റദ്ദാക്കുകയായിരുന്നു.