ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കി യാത്ര ചെയ്ത് വിവാദത്തിലായ സഞ്ജു ടെക്കി കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തൽ.
സഞ്ജുവിന്റെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയത്. സഞ്ജുവിന്റെ ചാനലിലുള്ള വീഡിയോ ദൃശ്യങ്ങളിൽ ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയതോടെ വെള്ളിയാഴ്‌ച വിശദീകരണം ആവശ്യപ്പെട്ട് ആലപ്പുഴ എൻഫോഴ്‌മെന്റ് ആർ.ടി.ഒ നോട്ടീസ് നൽകിയിരുന്നു.
160 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ചു, പ്രായപൂർത്തിയാകാത്ത ആളെ വച്ച് വാഹനം ഓടിപ്പിച്ചു. ആഡംബര വാഹനങ്ങളിൽ രൂപ മാറ്റം വരുത്തി, അപകടകരമായ ഡ്രൈവിങ്, ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗം തുടങ്ങി 12 നിയമലംഘനങ്ങളാണ് സഞ്ജു നടത്തിയതായി കണ്ടെത്തിയത്.
ഡ്രൈവിങ് ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി വിശദീകരണം നൽകാൻ സഞ്ജുവിന് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് ആർ.ടി.ഒയുടെ പുതിയ നീക്കം. അമ്പലപ്പുഴ ആർടിഒ ഓഫീസിൽ ഇന്ന് നേരിട്ട് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ സഞ്ജുവിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കിയേക്കും. വിശദീകരണം കേട്ടശേഷം ഇന്നു തന്നെ നടപടിയുണ്ടായേക്കും.
സഞ്‌ജുവിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സഫാരി കാറിനുള്ളിൽ കുളമൊരുക്കി യാത്ര ചെയ്യുന്ന വീഡിയോ മെയ് 17നാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തത്.
സഞ്‌ജുവും അച്ഛനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കാറിന്റെ പിൻഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി ടാർപോളിൻ വലിച്ചുകെട്ടി അതിൽ വെള്ളം നിറച്ചാണ് കുളം ഒരുക്കിയത്.
ഡ്രൈവർ ഒഴികെയുള്ളവർ ഇരുന്നും കിടന്നുമൊക്കെയാണ് പകൽ സമയം ഗതാഗതത്തിരിക്കുള്ളപ്പോൾ ദേശീയപാത ഉൾപ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര.
വെള്ളത്തിന്റെ മർദം കാരണം ഡ്രൈവർ സീറ്റിന്റെ സൈഡ് എയർബാഗ് പുറത്തേക്ക് വരുന്നതും ഡോർ തുറന്ന് വെള്ളം റോഡിലേക്ക് ഒഴുക്കുന്നതും വീഡിയോയിൽ കാണാം.
കാർ യാത്രക്കാരുടെ മാത്രമല്ല പുറത്തുമുള്ളവരുടെ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലുള്ള പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഇതിലെ നിയമ ലംഘനങ്ങളും വലിയ ചർച്ചയായിരുന്നു.
മറ്റു വാഹനങ്ങളുടെയും ആളുകളുടെയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ ആറ് വകുപ്പുകൾ ചുമത്തിയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നത്.
എന്നാൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തതിനെയും പരിഹസിക്കുന്ന തരത്തിൽ സഞ്ജു ടെക്കി വീണ്ടും വീഡിയോ ചെയ്തിരുന്നു.
വിഷയം വാർത്തയായതും കേസെടുത്തതും ഗുണമായെന്നും 10 ലക്ഷം രൂപ മുടക്കിയാൽ പോലും കിട്ടാത്ത റീച്ചാണ് ഇപ്പോൾ കിട്ടിയതെന്നും സഞ്ജു പറഞ്ഞിരുന്നു.