കൊച്ചി: ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ല. തിരുവനന്തപുരം എസ്.സി,എസ്.ടി കോടതിയിൽ ഒരാഴ്ചക്കകം കീഴടങ്ങാൻ സത്യഭാമയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അന്ന് തന്നെ സത്യഭാമയുടെ ജാമ്യ ഹർജി എസ്.സി, എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചത്.
നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്.
ആർ.എൽ.വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും കൂട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ഏറെ വിവാദമാകുകയും രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.