
കല്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധി കന്നി മത്സരത്തിന് എത്തുമെന്ന് പ്രചാരണം. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക പകരം വന്നില്ലെങ്കിൽ ജനവികാരം എതിരാവുമെന്ന പ്രാദേശിക നേതാക്കളുടെ ആവശ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം സമ്മതം മൂളിയതായാണ് വാർത്തകൾ.
ഒരേ സമയം ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും കേരളത്തിൽ മത്സരത്തിന് എത്തുകയും ചെയ്തത് രാഹുൽ ഗാന്ധിക്ക് വിമർശനങ്ങളെ നേരിടാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു.
രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തിയുള്ള ഇരട്ട മണ്ഡല പ്രവേശനവും വോട്ടർമാരുടെ അതൃപ്തിക്ക് കാരണമായി. വിമർശനങ്ങളെ ശരിവെക്കും വിധമാണ് ഇപ്പോൾ വയനാട് ഒഴിയുന്നത്. ഇതിനെ തുലനപ്പെടുത്താൻ പ്രിയങ്കാ ഗാന്ധി എന്ന ആവശ്യമാണ് പ്രാദേശിക നേതൃത്വം മുന്നോട്ട് വെച്ചത്.
പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. 2019- ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് പ്രിയങ്ക മത്സരരംഗത്തുവരുന്നു എന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായത്.
സോണിയ ഗാന്ധിയുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനാണ് നീക്കം എന്നായിരുന്നു വാര്‍ത്തകള്‍. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായി.
പ്രചാരണ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പ്രിയങ്ക, സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുവിട്ടുനിന്നു. യു.പി കേന്ദ്രീകരിച്ചുളള അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക ഉത്തര്‍പ്രദേശ് നിയമസഭ ലക്ഷ്യം വയ്ക്കുന്നതായുള്ള പ്രചാരണത്തിനും കാരണമായി.
പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിക്കുക കൂടി ചെയ്തിരുന്നു. ഈ സാഹചര്യം എല്ലാം നിലനിൽക്കെയാണ് വീണ്ടും വയനാട്ടിലേക്ക് ഗന്ധി കുടുംബത്തെ സംരക്ഷിക്കാൻ സ്ഥാനാർത്ഥിത്വ പ്രചാരണം നടത്തുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക കൂടി മത്സരിക്കുന്നത് ബിജെപിയുടെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടുമെന്നും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ആശങ്ക ഉയർത്തിയിരുന്നു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് താന്‍ റായ്ബറേയില്‍ ഇനി മത്സരത്തിനില്ലെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നു. രാഹുല്‍ ഗാന്ധിയാണ് റായ്ബറേലിയില്‍ എത്തിയത്.
വാരാണസിയിലേക്ക് പ്രിയങ്ക വരണമെന്ന് ആവശ്യപ്പെട്ട് 2019-ന് സമാനമായി പ്രവർത്തകർ പോസ്റ്റർ പതിച്ചത് വാർത്തയായിരുന്നു. രാഹുലിന് വേണ്ടി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയ്ക്ക് വേണ്ടി അമേഠിയിലും പ്രചാരണം ഏകോപിപ്പിച്ചത് പ്രിയങ്കയായിരുന്നു.
യു.പിയില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റതിന് പിന്നില്‍, 2022 മുതല്‍ പ്രിയങ്ക സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പങ്ക് അവർക്ക് വേണ്ടി വാദിക്കുന്നവർ ഉയർത്തി കാണിക്കുന്നു.
രാഹുൽ രാജിവെച്ച് ഒഴിയുന്ന പ്രതിഷേധവും ഇതുവഴി തണുപ്പിക്കാൻ കഴിയുമോ എന്നാണ് നോട്ടം. ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്നും സമരങ്ങളില്‍ പങ്കെടുത്തും ഇതിനോടകം തന്നെ പ്രിയങ്ക തന്റെ അടിത്തറ ബലപ്പെടുത്തിയിട്ടുണ്ട്.
നെഹ്‌റു കുടുംബാംഗം എന്നതിലുപരി, സ്വന്തം നിലയ്ക്ക് ജനകീയ അടിത്തറ വികസിപ്പിച്ചെടുക്കുന്നതിനാണ് പ്രിയങ്ക ഈ അവസരം വിനിയോഗിച്ചത്.
തൃശൂരില്‍ പരാജയം നേരിട്ട കെ മുരളീധരനേയോ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനേയോ രംഗത്തിറക്കാൻ കെ.പി.സി.സി ആലോചിച്ചിരുന്നതായാണ് ആദ്യ ഘട്ടം വാർത്തകൾ, സൃഷ്ടിച്ചത്.
കെ മുരളീധരന്‍ ലക്ഷ്യംവയ്ക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് പദവിയാണ്. ഈ സാഹചര്യത്തിൽ പ്രിയങ്കയുടെ പേരിൽ വീണ്ടും പ്രചാരണം ഉയരുകയാണ്. രാഹുൽ കബളിപ്പിച്ചുവെന്ന നിലയ്ക്കുള്ള വോട്ടർമാരുടെ വികാരം മറികടക്കുക വെല്ലുവിളിയായി തുടരുകയാണ്.