നെടുങ്കണ്ടം: വിവാദ റിസോർട്ട് നിർമ്മാണത്തിനെതിരെ പ്രദേശവാസിയായ ഭൂഉടമ നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി നിർമ്മാണം പൊളിച്ചുമാറ്റുവാൻ ഉത്തരവിടുകയും, റിസോർട്ട് ഉടമയ്ക്ക് റവന്യൂ ഉദ്യോഗസ്ഥർ വ്യാജമായി നിർമ്മിച്ചു നൽകിയ പട്ടയത്തെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പകപ്പോക്കൽ എന്ന നിലയ്ക്ക് സർക്കാർ ഭൂമിയിലെ കുളത്തിൽ നിന്നും പായൽ വാരിയെന്ന കാരണം കാണിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കണമെന്ന റവന്യൂ ഉദ്യോഗസ്ഥർ.
ഉദ്യോഗസ്ഥ ഭൂമാഫിയ, ലക്ഷങ്ങൾ വാങ്ങി ചതുരങ്കപ്പാറ വില്ലേജിലെ സർക്കാർ ഭൂമി വ്യാജ പട്ടയം ചമച്ച് പ്രവാസിക്ക് ആധാരം നടത്തികൊടുത്തത് ചോദ്യം ചെയ്തതിനാണ് ഈ പകപോക്കൽ എന്നാണ് പരാതിക്കാരൻ പറയുന്നത്. ചതുരങ്കപ്പാറ വില്ലേജിലെ ഉദ്യോഗസ്ഥർ കൂട്ടു നിന്ന് പ്രവാസിക്ക് വ്യാജമായി നിർമ്മിച്ച പട്ടയം പാറത്തോട് വില്ലേജിൽ 1970 കളിൽ താമസിച്ചിരുന്ന അപ്പാവ് എന്ന വ്യക്തിയുടെ സ്ഥലത്തിന്റെ പട്ടയനമ്പർ ആണെന്നും. ഈ പട്ടയനമ്പർ വച്ച് ചതുരങ്കപ്പാറ വില്ലേജിലെ സർക്കാർ ഭൂമി പ്രവാസിക്ക് ഉദ്യോഗസ്ഥർ ആധാരം പോക്കുവരവ് ചെയ്ത് നൽകുകയായിരുന്നു എന്നുമാണ് പരാതി.
പോലീസ് സംരക്ഷണത്തോടെ പണികൾ നിർത്തിവച്ച് വിശദമായ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂൺ നാലിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും, ഇപ്പോഴും യാതൊരുവിധ നടപടികളും ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ലായെന്നുമാത്രമല്ല, സർക്കാർ ഭൂമിയിലെ കുളത്തിൽ നിന്നും പായൽ വാരിയതിന് പരാതിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സ് എടുക്കുകയുമാണ് ഉണ്ടായിട്ടുള്ളത്.
വിവാദ കാരവൻ പാർക്കിനോട് ചേർന്നുള്ള മാൻകുത്തിമേട് മന്നാൻ കോളനി കേരള വനം വകുപ്പിന്റെ അധീനതയിലുള്ള ആദിവാസി സെറ്റിൽമെന്റാണ് എന്നിരിക്കെ വനം വകുപ്പിന്റെ മൗനസമ്മതത്തോടെ വ്യാജ സർവ്വേ നമ്പരുകളിൽ പട്ടയം അനുവദിച്ച് റിസോർട്ട് മാഫിയക്ക് കോളനിയും പരിസര പ്രദേശങ്ങളും വിട്ടുകൊടുത്തിരിക്കുകയാണ്.
ഈ പ്രദേശത്ത് വ്യാജ സർവ്വേ നമ്പരുകളിൽ അനുവദിച്ച അനധികൃത പട്ടയങ്ങൾ റദ്ദ്‌ചെയ്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തത് സർക്കാർ ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധം വ്യക്തമാക്കുന്നു.
മാൻകുത്തിമേട്ടിലെ അതിവിശിഷ്ടമായ ജൈവവൈവിധ്യമുള്ള ഭൂമിയാണ് വനം വകുപ്പിനോ, റവന്യൂ ഉദ്യോഗസ്ഥർക്കോ, മറ്റ് സർക്കാർ വകുപ്പുകൾക്കോ യാതൊരുവിധ തർക്കവുമില്ലാതെ പ്രവാസിക്ക് നല്കിയത് എന്നത് ഇടതു സർക്കാരിന്റെ ഭൂനയത്തോടുള്ള സമീപനം എങ്ങനെയെന്നു വ്യക്തമാക്കുന്നതാണ്.
കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും, രാഷ്ട്രീയ പിൻബലത്തോടെ റിസോർട്ട് നിർമ്മിക്കുന്ന പ്രവാസിയെയും സഹായിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ സി.ബി.ഐ അന്വേഷണം ഉണ്ടാവുന്നതുവരെയും താൻ കേസ്സുമായി മുമ്പോട്ടുപോകുമെന്നും, തന്റെ ജീവൻ അപായപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എന്തുതന്നെയായാലും പിൻമാറില്ലെന്നുമാണ് പരാതിക്കാരൻ അറിയിച്ചത്.