ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്ന് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ പരാമര്‍ശം. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പല സംഘര്‍ഷങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സാമുദായിക സംഘര്‍ഷത്തിന്റെ പരിധിയില്‍ വരുന്നവയല്ലെന്നായിരുന്നു ലാല്‍പുരയുടെ വാദം.
സാമുദായി സംഘര്‍ഷമെന്ന് പറയപ്പെടുന്ന പല സംഭവങ്ങളിലേയും യഥാര്‍ഥ കാരണം വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ സംഘര്‍ഷം ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്, അതില്‍ സമുദായമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ പാര്‍ലമെന്റ് ബോര്‍ഡ് അംഗം കൂടിയാണ് ലാല്‍പുര.