Timely news thodupuzha

logo

കാഞ്ഞാർ നടപ്പാലത്തിന് ഭരണാനുമതിയായെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ‍

ചെറുതോണി: കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ കാഞ്ഞാർ പാലത്തിന്റെ ഒരു വശത്ത് നടപ്പാലം നിർമ്മിക്കുന്നതിനായി ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നടപ്പാലത്തിനായി 3.61 കോടി രൂപയുടെ ഭരണാനുമതിയാണ് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നൽകിയിരിക്കുന്നത്.

പാലം നിർമ്മിക്കുന്നതിനു മുന്നോടിയായി സ്ഥലത്തെ മണ്ണിന്റെ ബലക്ഷമത പരിശോധന, നടപ്പാലത്തിന്റെ ഡിസൈനിംഗ് എന്നിവയ്ക്ക് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അനുമതി നേടിയിരുന്നു. തുടർന്നാണ് 3.61 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിത്.

തൊടുപുഴ – പുളിയൻമല റോഡിലെ പ്രധാന പാലമാണ് കാഞ്ഞാർ പാലം. പാലത്തിന്റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കും മൂലം പാലത്തിലൂടെയുള്ള യാത്ര ദുർഘടമായിരുന്നു. തുടർന്നാണ് നടപ്പാത വേണമെന്ന ആവശ്യം ഉയർന്നത്.

ഒരേസമയം കൂടുതൽ നടപ്പുയാത്രക്കാർക്ക് കടന്നുപോകുന്ന വിധം വീതികൂട്ടിയാകും നടപ്പാലം നിർമ്മിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ടൂറിസം മേഖലയായ വാഗമൺ, മൂന്നാർ മേഖകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. ഈ റോഡിന്റെ ഭാഗമായതും വാഗമണിലേക്ക് പോകുന്നതുമായ അശോകക്കവല-മൂലമറ്റം-കോട്ടമല റോഡിന് 6.80 കോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞാർ പാലം കൂടെ പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *