Timely news thodupuzha

logo

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി

ഇടുക്കി: ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്കൂളിൽ തുടക്കമായി.

ഒളിമ്പിക് ദിനാഘോഷത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് കൊണ്ട് വെങ്ങല്ലൂർ സോക്കർ സ്കൂളിൽ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഇടുക്കി ജില്ല സബ് ജൂനിയർ ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയിൽ വിഖ്യാത അത്‌ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ കെ.പി തോമസ് മാഷ് ഉദ്ഘാടനം ചെയ്തു.

കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡണ്ടും ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാനുമായ ഡോ. പ്രിൻസ് കെ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സോക്കർ സ്കൂൾ ഡയറക്ടറും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എ സലിംകുട്ടി, സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ വൈസ് പ്രസിഡന്റും ജില്ലാ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി കൺവീനറുമായ സൈജൻ സ്റ്റീഫൻ, കേരള ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ശരത് യു നായർ, കേരള ഫുട്ബോൾ അസോസിയേഷൻ ഓണററി പ്രസിഡൻ്റ് ടോമി ജോസ് കുന്നേൽ, സംസ്ഥാന നീന്തൽ അസോസിയേഷൻ വൈസ് പ്രസിഡന്റും ഏഷ്യൻ ഓഷ്യൻ മാൻ ജേതാവുമായ ബേബി വർഗീസ്, ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റും സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ എൻ രവീന്ദ്രൻ, കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ ബോഡി അംഗം പി.ഐ റഫീഖ്, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ബഷീർ, കേരള ഫുട്ബോൾ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം ജോസ് പുളിക്കൻ ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജീവ് എം.എസ്, ട്രഷറർ എബ്രഹാം, ജില്ലയിലെ കായിക അധ്യാപകരും ഈ രംഗത്ത് മികവാർന്ന സേവനം ചെയ്യുന്നവരുമായ ഡോ. ബോബു ആൻ്റണി, നോബിൾ ജോസ്, ആൽവിൻ ജോസ്, റോണി ജോർജ്, സാബു തുടങ്ങിയവർ ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് ആശംസകൾ നേർന്നു.

പൊതുസമ്മേളനത്തിന് ശേഷം ആരംഭിച്ച ജില്ലാതല സബ് ജൂനിയർ ഇൻറർ സ്കൂൾ ടൂർണമെന്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ സ്കൂൾ ടീമുകൾ വാശിയോടെ മാറ്റുരച്ചു.

ഒളിമ്പിക് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒളിമ്പിക് അസോസിയേഷനിൽ അംഗങ്ങൾ ആയിട്ടുള്ള വിവിധ കായിക അസോസിയേഷനുകളുടെ നേതൃത്വത്തിൽ അനവധി കായിക മത്സരങ്ങളും സ്കിൽ ചലഞ്ചുകളും സംഘടിപ്പിക്കും.

ജൂൺ 23ന് രാവിലെ എട്ടിന് തൊടുപുഴ ബ്രാഹ്മിൻസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഒളിമ്പിക് ദിന കൂട്ടയോട്ടം ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ ഐ.എ.എസ് ഫ്ലാഗ് ഓഫ് ചെയ്യും.

500 ഓളം കായിക താരങ്ങൾ സംബന്ധിക്കുന്ന ഒളിമ്പിക് കൂട്ടയോട്ടം വെങ്ങല്ലൂർ സോക്കർ സ്കൂൾ മൈതാനത്ത് ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻറെ സ്വീകരണം ഏറ്റുവാങ്ങി സമാപിക്കും.

തുടർന്ന് നടക്കുന്ന വർണ്ണാഭമായ പൊതുസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും. തൊടുപുഴ നഗരസഭ പിതാവ് സനീഷ് ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.

“Let’s Move and Celebrate” – ഒളിമ്പിക് ആശയം ആശയം ഉൾക്കൊണ്ട് ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് നടക്കുന്ന ഈ കായികോത്സവത്തിൽ ജില്ലയിലെ പ്രമുഖ കായികതാരങ്ങൾ കായിക അസോസിയേഷൻ നേതാക്കൾ, സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങി അനവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *