ന്യൂഡൽഹി: കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ ഭാരത് ജോഡോ യാത്ര മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്ന് താൽക്കാലികമായി നിർത്തി. സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുൽ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ജനസമ്പർക്ക പരിപാടി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിൻറെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിൻ, മുന്ന് ഘട്ടങ്ങളായിട്ടാണ് നടക്കുക. ബ്ലോക്ക് തലത്തിൽ പദയാത്രകളും ജില്ലാതല പ്രവർത്തന കൺവെൻഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനതല മഹിളാ മാർച്ചുകളും നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.