തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ സർക്കാരിനൊപ്പം സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സേഫ് ഫുഡ് ഡെസ്റ്റിനേഷനെന്ന രീതിയിൽ കേരളത്തെ മാറ്റാനായി വലിയൊരു പ്രവർത്തന പരിപാടിയ്ക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ് ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കുക, ജീവനക്കാർക്ക് ഹൈൽത്ത് കാർഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്നും മന്ത്രി അറിയിച്ചു.
ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടികൾ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടർ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒരു പ്രത്യേക ഓഫീസറെ നിയോഗിക്കുന്നതാണ്. ഒരിക്കൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കണ്ട് മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.