Timely news thodupuzha

logo

ഷാഫി പറമ്പിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്തത് എന്തുകൊണ്ടെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: വടകര എം.പി ഷാഫി പറമ്പിൽ പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്തത് ദൃഢപ്രതിജ്ഞയാണെന്നും നിയമസഭയിൽ മുമ്പ് രണ്ട് വട്ടവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ഷാഫിയുടെ മാറ്റത്തിൻറെ കാര്യം പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ.

ഫെയ്സ്ബുക്ക് പേജിൽ കുറച്ച് ദിവസങ്ങളായി താൻ പോസ്റ്റുകൾ ഇടാറില്ലെന്നും ഈ കുറിപ്പ് ഇടാൻ നിർബന്ധിക്കപ്പെട്ടതാണെന്നും വിശദീകരിച്ചാണ് ബാലൻറെ പ്രസ്താവന ആരംഭിക്കുന്നത്.

യഥാർത്ഥത്തിൽ പത്ര, ദൃശ്യമാധ്യമങ്ങളിൽ പ്രാധാന്യത്തോടു കൂടി വരേണ്ട ഒരു വാർത്ത എന്തുകൊണ്ട് തമസ്ക്കരിച്ചു എന്നറിയില്ലെന്നും ബാലൻ പറയുന്നു.

പാലക്കാട്ടുകാരനായ ഷാഫി പറമ്പിൽ ലോക്സഭയിൽ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. എന്തുകൊണ്ട് ഈ മാറ്റം ഉണ്ടായെന്ന് അദ്ദേഹത്തെ വിളിച്ചു ചോദിക്കാൻ ശ്രമിച്ചു. പക്ഷേ കിട്ടിയില്ല.

സത്യപ്രതിജ്ഞ ചെയ്ത 99 കോൺഗ്രസ് എംപിമാരിൽ തൻറെ അറിവിൽ പെട്ടിടത്തോളം ഷാഫി ഒഴികെ മറ്റെല്ലാവരും ദൈവനാമത്തിൽ ആണ് പ്രതിജ്ഞ എടുത്തത്. ഷാഫി ദൃഢ പ്രതിജ്ഞയും.

കേരള നിയമസഭയിലെ രേഖകൾ പ്രകാരം അവിടെ രണ്ടുപ്രാവശ്യവും ദൈവനാമത്തിൽ ആണ് ഷാഫി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തുമ്പോൾ ഉണ്ടായ ഈ മാറ്റം കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്. എന്താണ് ഈ മാറ്റത്തിൻറെ കാരണം?

ദൃഢപ്രതിജ്ഞ എടുത്തത് ഒരു നല്ല കാര്യമെന്നാണ് വ്യക്തിപരമായി ഞാൻ കാണുന്നത്. നെഹ്റു ആദ്യം മുതൽ അവസാനം വരെ ദൃഢ പ്രതിജ്ഞയാണ് ചെയ്തത് എന്നാണ് മനസിലാക്കുന്നത്.

കേരളത്തിലെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആദ്യം ദൃഢപ്രതിജ്ഞയാണെടുത്തതെങ്കിലും പിന്നീട് മാറി. അതിന് അവരുടേതായ കാരണങ്ങളുണ്ട്. ഷാഫിക്ക് ഉണ്ടായ ഈ മാറ്റത്തിൻറെ കാരണമറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്.

നോമ്പുകാലത്തായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം. നോമ്പുമെടുത്ത്, അഞ്ചു നേരം നിസ്കരിച്ച കറകളഞ്ഞ ഒരു വിശ്വാസിയാണ് ഷാഫി.

അതായത്, ഈമാനുള്ള നല്ല മനുഷ്യൻ. ഖുറാനിൽ ഒരു വാചകമുണ്ട്. അത് പ്രവാചകൻ സൂചിപ്പിച്ചതാണ്. നിരീശ്വരവാദികളെ നിങ്ങൾക്ക് വിശ്വസിക്കാം, പക്ഷേ, കപട വിശ്വാസികളെ വിശ്വസിക്കരുത്. അവരെ മുനാഫിക്കുകൾ എന്നാണ് വിളിക്കാറ്.

ബി.ജെ.പി ഭരണത്തിൻ കീഴിൽ മത ന്യൂനപക്ഷങ്ങളിൽപ്പെട്ട ചിലർ, ഭരണത്തലവന്മാർ ഉൾപ്പെടെ, ആർ.എസ്.എസിൻറെ വക്കാലത്ത് പിടിക്കാൻ നിർബന്ധിക്കപ്പെടുന്ന കാലമാണിത്.

സന്ദർഭവശാൽ ഇക്കാര്യങ്ങൾ ഒന്ന് സൂചിപ്പിക്കുന്നുവെന്നു മാത്രം. എന്തായാലും ഷാഫി കാട്ടിയിട്ടുള്ള ഈ സമീപനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ മാറ്റത്തിൻറെ കാരണം പൊതുസമൂഹത്തോട് ഒന്ന് വിശദീകരിക്കുന്നത് നന്നായിരിക്കുമെന്നും ബാലൻ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *