തൊടുപുഴ: ചെറുതും വലുതുമായുള്ള ഒട്ടനവധി പുഴകളും തോടുകളുമാണ് മലയോര ജില്ലയായ ഇടുക്കിയിലുള്ളത്. വർഷ കാലത്തും വേനലിലുമുൾപ്പെടെ ഇവയ്ക്ക് കുറുയെയുള്ള പാലങ്ങൾ കടന്ന് വേണം ജനങ്ങൾക്ക് വീടുകളിലെത്തുവാൻ. ഇവയിൽ പലതും ബലവത്താണെങ്കിലും ചപ്പാത്തുകളെന്ന പേരിലറിയപ്പെടുന്ന പാലങ്ങൾ അക്ഷരാർത്ഥത്തിൽ അപകടക്കെണികളാണ്. ആവശ്യത്തിന് വീതിയോ കൈവരിയോ ഇല്ലാത്ത നിരവധി ചപ്പാത്തുകൾ ഇടുക്കിയിലെ ഓരോ ഗ്രാമങ്ങളിലുമുണ്ട്. ചെറിയ വാഹനങ്ങൾ കൂടാതെ ബസും ലോറിയും വരെ കടന്ന് പോകുന്ന ചപ്പാത്തുകളുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ചെറുതും വലുതുമായ ഇത്തരം ചപ്പാത്ത് പാലങ്ങളിൽ അപകടങ്ങളും പതിവാണ്.
ഉടുമ്പന്നൂർ പഞ്ചായത്തിലെ വേളൂർ ചപ്പാത്ത്, മൂലമറ്റത്തിന് സമീപത്തെ മണപ്പാടി ചപ്പാത്ത്, തൊമ്മൻകുത്ത് ചപ്പാത്ത്, വണ്ടിപ്പെരിയാറിന് സമീപം പെരിയാർ നദിക്ക് കുറുകെയുള്ള ചപ്പാത്ത് തുടങ്ങിയവ ദിവസേന നിരവധി സഞ്ചാരികൾ കടന്ന് പോകുന്ന ചപ്പാത്തുകളാണ്. വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അക്കൂട്ടൽപ്പെടും. നിലവിൽ ഇവയെല്ലാം വൻ ഭീഷണി ഉണർത്തിയാണ് നിലനിൽക്കുന്നത്. ഇവയിൽ ചിലതിനാണെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. മാത്രമല്ല, വേനൽ മഴയിൽ പോലും നിറഞ്ഞൊഴുകുന്ന സ്ഥിതിയിലും….. എത്രയും പെട്ടെന്ന് അധികൃതരുടെ അലംഭാവം കളഞ്ഞ്, ഈ ചപ്പാത്തുകളെല്ലാമ ഉറപ്പുള്ള പാലങ്ങളാക്കി പുനർ നിർമ്മിച്ച് യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്നാണ് പൊതു ജനങ്ങൾ ആവശ്യപ്പെടുന്നത്.