Timely news thodupuzha

logo

മുൻ ഇന്ത്യൻ വോളിബോൾ താരം നെയ്യശ്ശേരി ജോസ് നിര്യാതനായി

തൊടുപുഴ: പതിറ്റാണ്ടുകൾ ഇന്ത്യൻ വോളിബോളിൽ നിറഞ്ഞു നിന്ന നെയ്യശ്ശേരി ജോസ് എന്ന സി .കെ ഔസേഫ് (78 ) വിടപറഞ്ഞു . തിങ്കളാഴ്ച വൈകുന്നേരം പതിവുപോലെ നെയ്യശ്ശേരി സിറ്റിയിലേക്ക് വരുന്ന വഴി അസ്വസ്ഥത തോന്നുകയും തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നെയ്യശ്ശേരി വലിയ പുത്തൻപുരയിൽ (ചാലിപ്ലാക്കൽ) കുര്യാക്കോസ് -ഏലിക്കുട്ടി ദമ്പതികളുടെ ആറാമത്തെ പുത്രനാണ് .കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ പോൾവാൾട്ട് ,ഹൈജമ്പ് ,ട്രിപ്പിൾ ജമ്പ് ,ഓട്ടം എന്നിവയിൽ ജില്ലാ ചാമ്പ്യാനായിരുന്നു . റെയിൽവയിൽ ജോലിയിലിരിക്കെ അന്ന് ഫാക്ട് വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ മുതലക്കോടം സ്വദേശി എം .എ .കുര്യാക്കോസാണ് ജോസിനെ ഫാക്ട് വോളിബോൾ ടീമിലെത്തിച്ചത് .ഫാക്ട് ടീമിനൊപ്പം നിരവധി വര്ഷം കേരള വോളിബോൾ ടീമിലംഗമായിരുന്നു .ഇന്ത്യയ്ക്ക് വേണ്ടി സിങ്കപ്പൂരിലും സിലോണിലും മത്സരിച്ചിരുന്നു .ഒന്നര പതിറ്റാണ്ടു കളിക്കാരനായും ദീർഘകാലം ഫാക്ട് സ്‌കൂളിന്റെയും എറണാകുളം ജില്ലയുടെയും പരിശീലകനായും നിറഞ്ഞു നിന്ന ജോസ് മൂന്നു വര്ഷം ഔദ്യോഗിക ജീവിതം ബാക്കി നിൽക്കെ ജോലി ഉപേക്ഷിക്കുകയായിരുന്നു .കളിയോടുള്ള അഭിനിവേശം മൂലം വിവാഹം കഴിക്കാൻ മറന്ന ജോസ് അവിവാഹിതയായ ഇളയ സഹോദരിയോടൊപ്പം നെയ്യശേരിയിലെ തറവാട്ടു വീട്ടിലായിരുന്നു .ഏതാനും വര്ഷം മുൻപ് വരെ വൈകുന്നേരങ്ങളിൽ കളിയുടെ ആദ്യപാഠം കുറിച്ച നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ പുതിയ തലമുറയ്‌ക്കൊപ്പം കളിക്കാനെത്തിയിരുന്നു.

സംസ്ക്കാര ശുശ്രൂഷകൾ ബുധൻ രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ചു. നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി യില്‍. . സഹോദരങ്ങൾ: ജോർജ്‌, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സിസ്‌റ്റർ മേരി കുര്യാക്കോസ്‌, ഏലിക്കുട്ടി.
ഭൗതിക ശരീരം ചൊവ്വ വൈകുന്നേരം വസതിയിൽ കൊണ്ടുവരും.

ഉയര്‍ന്നുചാടിയുള്ള അതിവേഗ സ്‍മാഷുകള്‍, ചാട്ടത്തിനിടയിലെ ഒരുനിമിഷത്തില്‍ എതിര്‍കോര്‍ട്ടിലെ ദൗര്‍ബല്യം മനസിലാക്കി പന്ത് ഫിനിഷ് ചെയ്യുന്ന ബുദ്ധിശാലിയായ താരം. സി കെ ഔസേഫിന്റെ കളിമികവിനെ രണ്ടുവരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കേരളം സൃഷ്ടിച്ച വോളീബോൾ കളിക്കാരിൽ പ്രധാനിയാണ്‌ വിടപഞ്ഞ സി കെ ഔസേഫ്‌.


എതിർകോർട്ടിൽ നാണയത്തുട്ട്‌ വച്ച്‌ ഉന്നം തെറ്റാതെ അതിൽ പന്ത്‌ അടിച്ചുകൊള്ളിക്കുന്ന അത്ര വൈഭവം. കളിയിലെ ശൗര്യക്കാരൻ കളത്തില്‍ മാന്യനായിരുന്നു. മിന്നൽപ്പിണർ പോലുള്ള ഷോട്ടുകളിലൂടെ എതിരാളികളെ കീഴ്‌പ്പെടുത്തുന്ന കാര്യത്തിൽ ഒരു പിശുക്കും കാട്ടിയിരുന്നില്ല. കരിമണ്ണൂർ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂളിലെ മികച്ച അത്‌ലറ്റായിരുന്ന ഔസേഫിന്റെ ഇഷ്ട ഇനങ്ങൾ പോൾവാൾട്ട്‌, ഹൈജംപ്, ട്രിപ്പിള്‍ ജംപ്, 100മീറ്റർ ഓട്ടം എന്നിവയായിരുന്നു. സ്‌കൂൾ ടീമിന്റെ ഗോൾ കീപ്പറുമായിരുന്നു. സ്‌കൂൾ പഠനകാലത്ത്‌ സംസ്ഥാന മീറ്റിൽ പോൾവാൾട്ടിലും ജില്ലാ മീറ്റില്‍ ലോങ് ജംപിലും ഔസേഫ് രേഖപ്പെടുത്തിയ റെക്കോര്‍ഡ് മറികടക്കാൻ ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.


1968ൽ സതേൺ റെയിൽവെയിലെ ജോലി ഉപേക്ഷിച്ചാണ്‌ ആലുവ എഫ്‌എസിടിയിൽ ചേർന്നത്‌. സുഹൃത്തും 1973കാലത്ത്‌ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന എം .എ . കുര്യാക്കോസാണ്‌ ടീമിൽ എത്തിച്ചത്‌, അതും പ്രേവേശനത്തിനുള്ള അവസാന ദിവസം. എഫ്എസിടിയിലെ കളി ജീവിതത്തിൽ വഴിത്തിരിവായി. 1970കളിൽ ഇന്ത്യ ശ്രീലങ്കയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയ ടീമില്‍ ഔസേഫും അംഗമായിരുന്നു. സിംഗപ്പുരിലും സിലോണിലും ഇന്ത്യയ്‍ക്കായി കളിച്ചു. എഫ്‌എസിടി വനിത ടീമിന്റെ പരിശീലകനായാണ്‌ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ പിരിഞ്ഞത്‌. വിശ്രമ ജീവിതത്തിലും താൻ വോളീബോളിന്റെ ആദ്യപാഠം പടിച്ച നെയ്യശേരി സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പന്തുതട്ടാൻ ഔസേഫ്‌ എത്തുമായിരുന്നു. ഇന്ത്യൻ വോളീബോൾ ചരിത്രത്തിന്‌ മറക്കാനാവാത്ത ഒരുപിടി മുഹൂർത്തങ്ങൾ നൽകിയ പ്രതിഭയാണ്‌ ജീവിതത്തിന്റെ കോർട്ടിൽനിന്ന്‌ വിടവാങ്ങിയത്‌.

Leave a Comment

Your email address will not be published. Required fields are marked *