Timely news thodupuzha

logo

ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ജോലി സ്ഥലത്ത് സ്ത്രീകൾക്ക് ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താത്പര്യം തൊഴിലുടമകളിൽ ഇല്ലാതാക്കും.

ഇതു വിപരീത ഫലം ചെയ്യും. കോടതി തീരുമാനിക്കേണ്ട വിഷയമല്ല ഇത്- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. എങ്ങനെയാണ് ഇത്തരം അവധികൾ സ്ത്രീകളെ കൂടുതൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുന്നത്? അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും.

സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഇതൊക്കെ സർക്കാരിൻറെ നയപരമായ തീരുമാനമാണ്, കോടതികൾക്കു പരിശോധിക്കാനുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

ആർത്തവ അവധി നൽകുന്നതു സംബന്ധിച്ച നയം രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം.

ഇതിനായി ഹർജിക്കാരനു വേണമെങ്കിൽ വനിതാ- ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്നു സുപ്രീം കോടതി പറഞ്ഞു. ആർത്തവ അവധി തൊഴിൽ മേഖലയിൽ കൂടുതൽ പങ്കാളിത്തത്തിന് സ്ത്രീകളെ പ്രചോദിപ്പിക്കും.

അതേസമയം ഇത്തരം അവധികൾ തൊഴിലുടമയ്ക്ക് സ്ത്രീകൾക്ക് ജോലി നൽകാൻ താത്പര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. സ്ത്രീകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അവർക്ക് ദോഷകരമായി മാറിയേക്കാം.

അത് കോടതി ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ ശൈലേന്ദ്ര ത്രിപാഠിയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളായ ബിഹാറും കേരളവും മാത്രമാണ് നിലവിൽ സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *