കൊല്ലം: അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ തല്ലിചതച്ചത്.
ആശുപത്രിയിലുള്ള കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച വൈകിട്ട് സ്കൂളിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം വിവരം അറിയുന്നത്. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും ഈ ദൃശ്യം മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.