Timely news thodupuzha

logo

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ

മുംബൈ: പ്രതീക്ഷിച്ചിരുന്നത് പോലെ ഗൗതം ഗംഭീർ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായി. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

2027ലെ ഏകദിന ലോകകപ്പ് വരെയാണ് കാലാവധി. പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽ രണ്ടു പേരെ മാത്രമാണ് ബി.സി.സി.ഐ അഭിമുഖത്തിന് ക്ഷണിച്ചിരുന്നത്. മുൻ ഇന്ത്യൻ ഓപ്പണറും വനിതാ ടീമിൻറെ പരിശീലകനുമായിരുന്ന ഡബ്ല്യു വി രാമൻ ആയിരുന്നു രണ്ടാമൻ.

ഇവരിൽ നിന്ന് ഗംഭീറിനെ തന്നെ തെരഞ്ഞെടുത്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഒരാഴ്ചയിലധികം വൈകിയാണ് പുറത്ത് വരുന്നത്. പ്രതിഫലം സംബന്ധിച്ച് ധാരണയാകാത്തതാണ് വൈകാൻ കാരണമെന്നാണ് സൂചന.

പരിശീലകസ്ഥാനത്ത് രാഹുൽ ദ്രാവിഡിൻറെ കാലാവധി ഏകദിന ലോകകപ്പോടെ തന്നെ അവസാനിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ബി.സി.സി‍.ഐയുടെയും അഭ്യർഥന പ്രകാരം ട്വൻറി20 ലോകകപ്പ് വരെ തുടരുകയായിരുന്നു.

ഇന്ത്യ ലോകകപ്പ് നേടിയതോടെ ദ്രാവിഡ് തുടരണമെന്ന അഭിപ്രായം ഉയർന്നെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. ദ്രാവിഡ് മാറുമ്പോൾ പരിശീലക സംഘത്തിലും മാറ്റം വരും.

ബാറ്റിങ്ങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ്ങ് കോച്ച് റ്റി ദിലീപ് എന്നിവരിൽ ആരെയെങ്കിലും ഗംഭീർ തൻറെ സംഘത്തിൽ നിലനിർത്തുമോയെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, മുംബൈയുടെയും ഇന്ത്യയുടെയും മുൻ ഓൾറൗണ്ടറായിരുന്ന അഭിഷേക് നായരെ തൻറെ അസിസ്റ്റൻറ് കോച്ചാക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഗംഭീർ മെൻററായിരുന്ന കോൽക്കത്ത നൈറ്റ് റൈഡൈഴ്സ് ഐ.പി.എൽ ടീമിൻറെ കിരീട നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അഭിഷേക് നായർ. ടീമിന് വേണ്ടി ഇന്ത്യൻ താരങ്ങളെ കണ്ടെത്തി വാർത്തെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ അവിടത്തെ ദൗത്യം.

Leave a Comment

Your email address will not be published. Required fields are marked *